Skip to main content

എം. ഡി. രാമനാഥന്‍ സ്മാരക സാംസ്‌ക്കാരിക നിലയം;  21 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 

വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി.രാമനാഥന് ജന്മനാടായ മഞ്ഞപ്രയില്‍ സ്മാരകമായി സാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സാംസ്‌ക്കാരിക നിലയം ഒക്ടോബര്‍ 21 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംഗീതത്തിന്റെ ഖ്യാതി വാനോളമുയര്‍ത്തിയ എം.ഡി.രാമനാഥന്റെ സ്മരണാര്‍ഥം നിര്‍മിച്ച മന്ദിരം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

1923 മെയ് 20 ന് ദേവേശ ഭാഗവതരുടെയും സീതാലക്ഷ്മിയമ്മാളുടെയും മകനായി വടക്കഞ്ചേരിയിലെ കണ്ണമ്പ്ര മഞ്ഞപ്രയിലാണ് മഞ്ഞപ്ര ദേവേശ രാമനാഥന്‍ ജനിച്ചത്. അച്ഛന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരുനാഥന്‍. കര്‍ണാടക സംഗീതത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന, എം.ഡി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട രാമനാഥന്‍ 300 ലധികം സംഗീത കൃതികള്‍ തെലുങ്ക്, സംസ്‌കൃതം, തമിഴ് ഭാഷകളിലായി രചിച്ചിട്ടുണ്ട്. 1974 ല്‍ പദ്മശ്രീയും 1975 ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.  
 
സാംസ്‌ക്കാരിക വകുപ്പ് അനുവദിച്ച ഒരു കോടിയില്‍ ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പാണ് മന്ദിരം നിര്‍മിച്ചത്. സംഗീത കച്ചേരി അവതരിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ അവതരിപ്പിക്കാനായുള്ള വിശാലമായ ഓഡിറ്റോറിയമാണ് പ്രധാന ആകര്‍ഷണം. മന്ദിരത്തിന്റെ പിന്‍വശത്തെ രണ്ടുനില കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ സ്വീകരണമുറിയും അതിഥി മുറികളും സജ്ജമാക്കിയിട്ടുണ്ട്. പ്രായഭേദമന്യെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംഗീതം പഠിക്കാനുള്ള അവസരം ഒരുക്കുന്നതിന് പുറമെ അധ്യാപകരെയും നിയമിക്കും.

പരിപാടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാവും. രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, എ.ഡി.എം ടി. വിജയന്‍, സാംസ്‌ക്കാരിക നായകര്‍ പങ്കെടുക്കും. എം.ഡി.രാമനാഥന്റെ കുടുംബാംഗങ്ങളെയും ജില്ലയിലെ മുതിര്‍ന്ന സംഗീതജ്ഞരെയും ആദരിക്കുന്ന 'ആദരായനം' പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ 10 മുതല്‍ കേരള സംഗീത നാടക അക്കാദമി അവതരിപ്പിക്കുന്ന സംഗീത അര്‍ച്ചനയും തുടര്‍ന്ന് പ്രണവം ശശിയുടെ നാടന്‍പാട്ടുകളും അരങ്ങേറും.  

date