Skip to main content
പ്രസൂതി തന്ത്ര ചികിത്സാ പദ്ധതി 2019 -20ന്റെ  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ നിര്‍വഹിക്കുന്നു

പ്രസൂതി തന്ത്ര ചികിത്സാ പദ്ധതിയുടെ   ജില്ലാതല  ഉദ്ഘാടനം നടന്നു

ഭാരതീയ ചികിത്സ വകുപ്പ് തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന പ്രസൂതി തന്ത്ര ചികിത്സാ പദ്ധതി 2019 -20ന്റെ  ജില്ലാതല ഔദ്യോഗിക ഉദ്ഘാടനം നടന്നു. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശുഭ  കെ പി അധ്യക്ഷയായിരുന്നു. സ്ത്രീ രോഗ സംബന്ധമായ അവബോധം സൃഷ്ടിക്കുന്നതിനായാണ് രണ്ടു വര്‍ഷം മുന്‍പ് മുതല്‍ കേരള സര്‍ക്കാര്‍ പ്രസൂതി തന്ത്ര ചികിത്സാ പദ്ധതി നടപ്പിലാക്കി വരുന്നത്.
പരിപാടിയോടനുബന്ധിച്ച് ജി എ ഡി വെള്ളിയാമറ്റം ഡോക്ടര്‍ ടെലസ് കുര്യന്റെ നേതൃത്വത്തില്‍ സൗജന്യ സ്ത്രീരോഗ ചികിത്സാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാവുന്ന ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും, ഗര്‍ഭാശയ രോഗങ്ങള്‍ക്കും,  പ്രസവം കഴിഞ്ഞുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കുമുള്ള മരുന്നുകള്‍ ക്യാമ്പില്‍ സൗജന്യമായി വിതരണം ചെയ്തു.കൂടാതെ ഗര്‍ഭകാലപരിചരണം സംബന്ധിച്ചുള്ള ചികിത്സ, ആഹാര, ദിനചര്യകളെ കുറിച്ചും ക്യാമ്പില്‍ എത്തിയവര്‍ക്ക് അവബോധം നല്‍കി. ഏകദേശം 150 ഓളം സ്ത്രീകള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഈ മാസം 30ന് ഗര്‍ഭാശയ- മാറിട- തൈറോയ്ഡ് രോഗങ്ങള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിക്കുമെന്ന് പ്രസൂതി തന്ത്ര പ്രൊജക്റ്റ് മെഡിക്കല്‍ ഓഫീസര്‍ ശ്രീദേവി എസ് അറിയിച്ചു.

പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മാത്യുസ്  പി കുരുവിള, പ്രസൂതി തന്ത്ര പ്രോജക്ട് കണ്‍വീനര്‍ ഡോക്ടര്‍ മിനി പി, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി എ ഷാഹുല്‍ ഹമീദ്, തൊടുപുഴ ആയുര്‍വേദ ആശുപത്രി സി.എം.ഒ  ഡോക്ടര്‍ ഷരീഫ് അഹമദ്, പ്രസൂതി തന്ത്ര പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ശ്രീദേവി എസ് തുടങ്ങിയവര്‍ സംസാരിച്ചു.

date