Skip to main content

മഴക്കെടുതികൾ നേരിടാൻ സജ്ജം, ആവശ്യമായ നടപടികൾക്ക് നിർദേശം

* ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്ഥിതി വിലയിരുത്തി
മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണ്ണ സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാഹചര്യം യോഗം വിലയിരുത്തി.
ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.
ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡൻറ് കമ്മീഷണറായി യോഗം ചുമതലപ്പെടുത്തി.
ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
നേവി, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്സ് എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്.
കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
മഴയെത്തുടർന്ന് എറണാകുളത്ത് 10 ഉം, പാലക്കാട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കാനും കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പി.എൻ.എക്‌സ്.3737/19

date