Skip to main content

സര്‍വ്വകലാശാലകളില്‍  നിന്നുള്ള ആശയങ്ങളും അറിവുകളും സമൂഹത്തിന് കൂടി ഉപകരിക്കണം: ഗവര്‍ണ്ണര്‍ 

 

സര്‍വകലാശാലകളില്‍ നിന്നുള്ള പുതിയ അറിവുകളും ആശയങ്ങളും പൊതുസമൂഹത്തിന് കൂടി ഉപകാരപ്രദമാകണമെന്ന് സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ലൈഫ് സയന്‍സ് പഠനവകുപ്പിന് വേണ്ടി നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി കെട്ടിടവും അനിമല്‍ ഹൗസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലെയും വികസനത്തിനും ക്ഷേമത്തിനും സര്‍വ്വകലാശാലകള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കണം. അതിനായി ഓരോ ഗവേഷകനും സമൂഹത്തിന്റെ ആവശ്യകത മനസിലാക്കണം. പുതിയ ആശയ ഉല്‍പ്പാദനത്തിന്റെ കേന്ദ്രങ്ങളായ സര്‍വ്വകലാശാലകള്‍ ഗവേഷണ ഫലം സമൂഹത്തെ കൃത്യമായി അറിയിക്കണം. പഠന ഗവേഷണ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഗവേഷണത്തില്‍ ധാര്‍മ്മികത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ പരാതികള്‍ സര്‍വകലാശാലാ തലത്തില്‍ തന്നെ പരിഹരിച്ച് പരാതി രഹിത സര്‍വകലാശാലകളായി മാറുകയും വേണം. വിദ്യാര്‍ത്ഥികളെ ചിന്തിക്കാന്‍ പഠിപ്പിക്കുകയും തങ്ങളുടെ മുമ്പിലുള്ള അറിവുകളെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അനിമല്‍ ഹൗസിലെ ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ പരമ്പരാഗത വിജ്ഞാന ശാഖകളെ വളരുവാന്‍ സഹായിക്കുമെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, ഡോ.കെ.ഡി.ബാഹുലേയന്‍ എന്നിവര്‍ സംസാരിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി നന്ദിയും പറഞ്ഞു. യൂനിവേഴ്സിറ്റി എഞ്ചിനീയര്‍ വി.ആര്‍.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
2962 സ്‌ക്വയര്‍ മീറ്റര്‍ ഗോള്‍ഡന്‍ ജൂബിലി കെട്ടിടം 6.04 കോടി രൂപ ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. കോണ്‍ഫറന്‍സ് റൂം, ഇന്‍സ്ട്രുമെന്റ് റൂം, സെറികള്‍ച്ചര്‍ റൂം, ലാബുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്. നാല് നിലകളാണുള്ളത്. അനിമല്‍ ഹൗസ് 962 സ്‌ക്വയര്‍ മീറ്ററാണ്. 1.15 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.  
 

date