Skip to main content

കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും 24ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ  ചുറ്റുമതിലും കവാടവും ഈ മാസം 24ന് ഉച്ചക്ക് ഒരു മണിക്ക് (ഒക്ടോബര്‍ 24) ആരോഗ്യവകുപ്പ് മന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കും.  കെ. ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ്  ചുറ്റുമതിലും കവാടവും നിര്‍മിച്ചത്. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പുതുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുഴുവന്‍ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

 

കേളപ്പജി സ്മാരക കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം 24ന്

 

മൂടാടി ഗ്രാമപഞ്ചായത്ത് കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നു. കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം 24ന് 12 മണിക്ക് (ഒക്ടോബര്‍ 24ന്) ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിർവഹിക്കും.  കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാവും. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന കേന്ദ്രത്തിന്റെ വികസനത്തിന് മൂടാടി ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലൂടെയും   നാട്ടുകാരുടെ സംഭാവനകളിലൂടെയുമാണ് തുക സംഭരിച്ചത്. എ.സി ഷണ്‍മുഖദാസ് ആരോഗ്യമന്ത്രിയായിരിക്കെ പ്രത്യേക ഘടകപദ്ധതി പ്രകാരം (എസ്.സി.പി സ്‌കീം) മൂടാടി ഹില്‍ബസാറിലെ കേളപ്പജി ഗ്രാംദാന്‍ കോളനിയ്ക്ക് അനുവദിച്ച പ്രാഥമികാരോഗ്യ കേന്ദ്രമാണ് മൂടാടിയിലേത്.  കെ. കേളപ്പന്റെ പേരില്‍ ആശുപത്രി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഒരേക്കറിലധികം സ്ഥലം കേരള സര്‍വ്വോദയസംഘമാണ് സൗജന്യമായി അനുവദിച്ചത്. ഒ. പി. സംവിധാനം, ഫാര്‍മസി, മെഡിക്കല്‍ സ്റ്റോര്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജനാരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പുകള്‍, ക്ലാസുകള്‍, നേത്ര പരിശോധന, സ്‌കൂള്‍ ആരോഗ്യപദ്ധതി, ആരോഗ്യ ബോധവല്‍ക്കരണം, മാനസികരോഗ്യക്ലിനിക്ക് എന്നിവയും സ്ഥാപനത്തില്‍ മികച്ച രീതിയില്‍ നടന്നുവരുന്നുണ്ട്. ആരോഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിന് കായകല്പ അവാര്‍ഡും KASH അക്രഡിറ്റേഷനും സ്ഥാപനത്തിന് ലഭിച്ചു.

 

 

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര 

പെന്‍ഷന്‍ വിവര ശേഖരണം

 

 

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുടെ കംപ്യൂട്ടര്‍ വത്ക്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും പദ്ധതിയില്‍ അംഗത്വമുള്ളവരുടെയും വിവരശേഖരണം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി നിലവില്‍ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരും പദ്ധതിയില്‍ അംശദായം അടച്ചു വരുന്നവരും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മയും പാസ് ബുക്കിന്റെ പകര്‍പ്പും ഒക്ടോബര്‍ 25 നകം ഐ-പി.ആര്‍.ഡി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അംശദായം അടച്ചു വരുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്കിന്റെയും പെഷന്‍ കൈപ്പറ്റുന്നവര്‍ ബാങ്ക്/ട്രഷറി പാസ്ബുക്കിന്റെയും എല്ലാ പേജുകളുടെയും പകര്‍പ്പാണ് പ്രൊഫോര്‍മയോടൊപ്പം സമര്‍പ്പിക്കേണ്ടത്. പ്രൊഫോര്‍മ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, പ്രസ്‌ക്ലബ്ബ് എന്നിവിടങ്ങളില്‍ ലഭിക്കും. പത്രസ്ഥാപനങ്ങളിലേക്ക് ഇ-മെയില്‍/വാട്സാപ്പ് വഴിയും പ്രൊഫോര്‍മ അയച്ചിട്ടുണ്ട്.

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

മേലടി ബ്ലോക്കിലെ തിക്കോടി ഗ്രാമപഞ്ചായത്തില്‍ കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തിപദ്ധതിയില്‍ ഉള്‍പ്പെട്ട  പാലൂര്‍ പള്ളി - പനാട്ടുതാഴെ റോഡ് പ്രവൃത്തി നടപ്പിലാക്കുന്നതിന്  പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറിനൊപ്പം ആവശ്യമുള്ള തുകയ്ക്കുള്ള നിരതദ്രവ്യവും  200 രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട രൂപത്തില്‍ എഴുതി ഒപ്പിട്ട പ്രാഥമിക കരാര്‍ ഉടമ്പടിയും അടക്കം ചെയ്തിരിക്കണം.   ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 24 ഉച്ചയ്ക്ക് ഒരു മണി. ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും  ലഭ്യമാണ്. ഫോണ്‍ 0496 -202031. ഇമെയില്‍ - bdomelady@rediffmail.com.

 

 

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: 

കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

 

 

നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേയ്ക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്ക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്. നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് നേര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം നടപ്പാക്കുന്നത്. 

ഇപ്പോള്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് ആംബുലന്‍സ് ഉളളത്. സേവനം ആരംഭിച്ചതു മുതല്‍ ഇതുവരെ 294 സേവനമാണ് ലഭ്യമാക്കിയത്. മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ പദ്ധതി ആരംഭിച്ചതോടെ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പ്രവാസികള്‍ക്കുകൂടി പ്രയോജനം ലഭ്യമാകും. 

 

 

ഇതരസംസ്ഥാന  പ്രവാസികള്‍ക്കും

ഇനി ആംബുലന്‍സ് സൗകര്യം

 

 

വിദേശത്തുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കിയ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ   പ്രവാസികള്‍ക്കും ഇനി മുതല്‍ ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധിതരായ കേരളീയര്‍ക്ക് അല്ലെങ്കില്‍ അന്യ സംസ്ഥാനത്ത് വച്ച് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നത്.

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ബഹറിന്‍, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈറ്റ്, ലണ്ടന്‍, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്സര്‍ലന്റ്, ഒമാന്‍, ഖത്തര്‍, ഷാര്‍ജ, സൗത്ത് ആഫ്രിക്ക, സൂഡാന്‍, ഇന്ത്യോനേഷ്യ, ന്യൂസിലന്റ്, ടൊറോഡോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളായ പ്രവാസികള്‍/ഭൗതികശരീരം പ്രസ്തുത സേവനത്തിലൂടെ നാട്ടിലെത്തി ച്ചിട്ടുണ്ട്.     

ആംബുലന്‍സ് സേവനം അവശ്യമുള്ളവര്‍ നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പാസ്പോര്‍ട്ടിന്റെയും വിമാന ടിക്കറ്റിന്റേയും പകര്‍പ്പ് അയക്കുകയും വേണം.

 

 

കേരളത്തിലെ മണ്‍പാത്ര നിര്‍മ്മാണ വ്യവസായ വികസനം;

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

 

 കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്നു രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുളള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുളള യന്ത്രവല്‍ക്കരണം/പൂത്തന്‍ വിപണന സംവിധാനങ്ങള്‍  എന്നി പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്ട്രേഷന്‍ നടപടികള്‍ നടത്തുന്നത്. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോം www.keralapottery.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് 0471 2727010, 9947038770. 

 

 

കയറ്റിറക്ക് കൂലി  പുതുക്കി നിശ്ചയിച്ചു 

 

 

കോഴിക്കോട് ജില്ലയിലെ ഗാര്‍ഹിക/കെട്ടിട നിര്‍മ്മാണ മേഖലകളിലും ചുമട്ടു തൊഴിലാളി നിയമത്തിലെ വകുപ്പ്  2(ജെ) പ്രകാരമുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടാത്ത സ്ഥാപനങ്ങളിലെയും സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലി  പുതുക്കി നിശ്ചയിച്ച്   ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവായി.  കൂലി നിരക്കുകള്‍ക്ക് 2019 ആഗസ്റ്റ് ഒന്ന് മുതല്‍ 2021 ജൂലായ് 31 വരെ പ്രാബല്യമുണ്ടായിരിക്കും.  കൂലി പട്ടിക ജില്ലാ ലേബര്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഫോണ്‍: 0495 2370538.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് (ജിസിഎംഎസ്) ഉപകരണങ്ങള്‍ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

 

 

പന്നി  വളര്‍ത്തല്‍ പരിശീലനം

 

 

   കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ പന്നി വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 23) മുതല്‍  രാവിലെ 10  മണി മുതല്‍ അഞ്ച് മണി വരെ പേര് രജിസ്റ്റര്‍  ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ്  പ്രവേശനം.  ഫോണ്‍: 04972- 763473.

 

 

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലര്‍ക്ക് (പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുമാത്രമായുളള പ്രത്യേക നിയമനം) (കാറ്റഗറി നം. 698/14) റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ 2019 ഒക്ടോബര്‍ നാല് മുതല്‍ ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date