ഒ ആർ സി ജില്ലാ റിസോഴ്സ് സെൻ്റർ പൂർണ്ണ സജ്ജമാക്കും
കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ഒ ആർ സി (ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ) യുടെ ജില്ലാ റിസോഴ്സ് സെൻ്റർ പൂർണ്ണ സജ്ജമാക്കും. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഒ ആർ സി ജില്ലാ ആക്ഷൻ ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം. ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമെന്നും ജില്ലയിൽ കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യവും സംരക്ഷണവും ഉറപ്പ് വരുത്തുവാൻ കഴിയണമെന്നും കലക്ടർ പറഞ്ഞു.
ജില്ലയിൽ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ ശിശു സംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനം, ആരോഗ്യകരമായ കുടുംബാന്തരീക്ഷം, കുട്ടികളുടെ മാനസികാരോഗ്യം എന്നിവ ഉറപ്പ് വരുത്താൻ എല്ലാവരും ശ്രമിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകൾ അധ്യാപകർ ആവശ്യപ്പെടുന്നതനുസരിച്ച് നൽകുന്നതിന് ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഉറപ്പു വരുത്തും. ഇതിനായി ഒരു പൂൾ തയ്യാറാക്കും.
ജില്ലയിൽ 26 സ്കൂളുകളിലാണ് ഒ ആർ സി പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, എക്സൈസ്, പട്ടിക വർഗ്ഗ പട്ടിക ജാതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഏകോപനത്തോടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തുക. ജില്ലയിൽ 2020 ജനുവരി മുതൽ 23 കുട്ടികൾ ആത്മഹത്യ ചെയ്തു. ഇതിന്റെ പഠന റിപ്പോർട്ട് തയ്യാറാക്കാനും യോഗത്തിൽ കലക്ടർ നിർദേശിച്ചു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ചിരി പദ്ധതിയുടെ ടോൾ ഫ്രീ നമ്പർ 9497900 200 എല്ലാവരിലും എത്തിക്കാനും കലക്ടർ നിർദേശിച്ചു. കുട്ടികളിലെ സർഗാത്മകത ഉയർത്തുന്നതിന് സ്മാർട്ട് 40 ക്യാമ്പുകൾ (ലൈഫ് സ്കിൽ പരിശീലന ക്യാമ്പ് 3) നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ശരണ്യ, ഓ ആർ സി പ്രൊജക്റ്റ് അസിസ്റ്റന്റ് ബീന, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments