Skip to main content

നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

 

 
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 5) ഉച്ചയ്ക്ക് 12.30ന് കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.

'പാലക്കാട് വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വടതോട്, ഒറവ്, പെരുമ്പാടി കൂവല, കരിപ്പാലി പാടശേഖരങ്ങളുടെ തലക്കുളമായ വടതോട് കുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 49,18000 രൂപയാണ് ചെലവഴിച്ചത്. കുളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂര്‍ണമായും നീക്കംചെയ്ത് മൂന്ന് മീറ്ററോളം ആഴം കൂട്ടി, വശങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ച് പാര്‍ശ്വഭിത്തി, ജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കായി പടവുകള്‍, റാമ്പ് എന്നിവ നിര്‍മ്മിച്ചു. കുളം നവീകരണത്തിലൂടെ ഏകദേശം 119.67 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കപ്പെടുന്നതിനും വേനല്‍ക്കാലത്ത് മൂലത്തറ മെയിന്‍ കനാലില്‍ നിന്നുള്ള വെള്ളം സംഭരിക്കുന്നതിനും സമീപപ്രദേശത്തെ 222 ഹെക്ടറോളം വരുന്ന വിവിധയിനം കൃഷികള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.      

വടതോട്കുളം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date