Skip to main content

ജില്ലയിലെ ഒമ്പത് സ്‌കൂളുകള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു; ഉദ്ഘാടനം നവംബര്‍ നാലിന്

ജില്ലയില്‍ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒന്‍പത് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. പണി പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നവംബര്‍ 4ന് വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. 

ഗുരുവായൂര്‍ കൊച്ചന്നൂര്‍ ജി എച്ച് എസ് എസ്, അയ്യന്തോള്‍ ജി എച്ച് എസ് എസ്, കേച്ചേരി ജി എല്‍ പി എസ്, വരടിയം ജി യു പി എസ്, കുന്നംകുളം ജി എം ബി എച്ച് എസ്, മണ്ടംപറമ്പ് ജി എല്‍ പി എസ്, ദേശമംഗലം ജി വി എച്ച് എസ് എസ്, ചാലക്കുടി ജി വി എച്ച് എസ് എസ് എന്നീ സ്‌കൂളുകളാണ് കിഫ്ബി, പ്ലാന്‍ ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിങ്ങനെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചത്.  ദേശമംഗലം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം പ്ലാന്‍ ഫണ്ട് 2 കോടി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ സി മൊയ്തീന്റെ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച മണ്ടംപറമ്പ് ജി എല്‍ പി എസ് കെട്ടിടം, കുന്നംകുളം ജിഎംബിഎച്ച് എസ്, കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഫണ്ടില്‍ നിന്നനുവദിച്ച അയ്യന്തോള്‍ ജി എച്ച് എസ് എസ്, പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അയ്യന്തോള്‍ ജി എച്ച് എസ് എസ്, എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വരടിയം ജി യു പി എസ്, കിഫ്ബി 3 കോടി ഉപയോഗിച്ച് നിര്‍മ്മിച്ച കൊച്ചന്നൂര്‍ ജി എച്ച് എസ് എസ്, പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചാലക്കുടി ജി വി എച്ച് എസ് എസ്, മുരളി പെരുനെല്ലി എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കേച്ചേരി ജി എല്‍ പി എസ് കെട്ടിടം എന്നീ സ്‌കൂള്‍ കെട്ടിടങ്ങളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറുന്നത്. 

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, എംഎല്‍എമാരായ കെ വി അബ്ദുള്‍ഖാദര്‍, മുരളി പെരുനെല്ലി, യു ആര്‍ പ്രദീപ്, ബി ഡി ദേവസ്സി, അനില്‍ അക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date