പഴം പച്ചക്കറി കാര്‍ഷിക സംഭരണ-വിപണന കേന്ദ്രം ചെമ്പൂക്കാവിലും
പഴം പച്ചക്കറി കാര്‍ഷിക സംഭരണ-വിപണന കേന്ദ്രം ചെമ്പൂക്കാവിലും ആരംഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാക്കുന്നതിന് നിരവധി പദ്ധതികള്‍ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ചെറുകിട നാമമാത്ര കര്‍ഷകരില്‍ നിന്നും സംഭരിച്ച് വിതരണം ചെയ്യുന്നതിനായാണ് ചെമ്പൂക്കാവില്‍ സംഭരണ-വിപണന കേന്ദ്രം ആരംഭിക്കുന്നത്. 2020-21 വര്‍ഷത്തെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 27 ലക്ഷം വിനിയോഗിച്ചാണ് സംഭരണ- വിപണന കേന്ദ്രം നിര്‍മിക്കുക. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി'കേരള ഫാം ഫ്രഷ്' എന്ന ബ്രാന്‍ഡില്‍ പഴം-പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുകയും കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് നല്‍കുന്നതോടെ ഉല്‍പ്പന്നത്തിന്റെ ആകെ തുക ലഭ്യമാക്കുക, ഉല്‍പ്പന്നങ്ങളുടെ സ്ഥിരം ലഭ്യത ഉറപ്പ് വരുത്തുക, ഉല്‍പ്പന്നങ്ങളുടെ പ്രാഥമിക സംസ്കരണം വഴി നഷ്ടം പരമാവധി കുറയ്ക്കുക, വിപണിയിലെ സാധ്യതകള്‍ മനസ്സിലാക്കി കാര്ഷികോല്പാദനം ആസൂത്രണം ചെയ്യുന്നതിന് കര്‍ഷകരെ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇവയ്ക്ക് പുറമെ നിലവാരത്തിലുള്ള ഗ്രേഡിംങ്ങും പാക്കിംങ്ങും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്, ഹോം ഡെലിവറി എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ചെമ്പൂക്കാവ് കാര്‍ഷിക സമുച്ചയത്തിന് എതിര്‍വശത്ത് വേദിയില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക സംഭരണ വിപണന്ന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. തൃശൂര്‍ കോര്പ്പറേഷന് മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി റാഫി ജോസ്, തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ കെ മഹേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (സി) എ കെ സരസ്വതി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ (ഇന്‍ ചാര്‍ജ്ജ്) മാത്യു ഉമ്മന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ കെഎം സതീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) വി ആര് നരേന്ദ്രന് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സത്യവര്‍മ്മ നന്ദിയും പറഞ്ഞു.
- Log in to post comments