പച്ചതുരുത്ത് പദ്ധതി: കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം
ഹരിത കേരള മിഷന് പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ വെച്ച് പിടിപ്പിച്ച് പച്ചത്തുരുത്തുകള്‍ നിര്‍മിക്കുകയും മാതൃകാപരമായി പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്ത നഗരസഭയെ ഹരിത കേരള മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമ അനുമോദനപത്രം നല്കി അഭിനന്ദിച്ചു. ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ സി ആര് ചെറിയാനില്‍ നിന്ന് നഗരസഭ ചെയര്മാന് കെ ആര് ജൈത്രന്‍ പുരസ്കാരം ഏറ്റുവാങ്ങി.
കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍, മേത്തല കുടുംബാരോഗ്യ കേന്ദ്രം, എല്‍തുരുത്ത് ഗവ എല്‍ പി സ്കൂള്‍, മേത്തല ഗവ യു പി.സ്കൂള്‍ എന്നീ സ്ഥാപനങ്ങളോട് ചേര്‍ന്ന് അഞ്ച് സെന്റ് വീതം സ്ഥലത്താണ് നഗരസഭ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചത്. ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഗുണമേന്മയുള്ള അന്തരീക്ഷ വായുസൃഷ്ടിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുമാണ് മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന ഹരിത കേരളത്തിന്റെ ഈ പദ്ധതി നഗരസഭ നടപ്പിലാക്കിയത്. നഗരസഭയുടെ സ്വന്തം നഴ്സറിയില്‍ ഉല്‍പ്പാദിപ്പിച്ച് വളര്‍ത്തിയെടുത്ത നെല്ലി, സപ്പോട്ട, പേര, ഞാവല്‍, ആര്യവേപ്പ്, ഇലഞ്ഞി, ചാമ്പ തുടങ്ങിയ വിവിധ തരം വൃക്ഷ തൈകള്‍ ഇതിന്റെ ഭാഗമായി നട്ട് പിടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് നഴ്സറിയും പച്ചത്തുരുത്തുകളും പരിപാലിക്കുന്നത്.
Reply all
Forward
- Log in to post comments