Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം നിയമാനുസൃതമാകണമെന്ന് കമ്മീഷന്‍

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമായിരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലഘുലേഖകളും പോസ്റ്ററുകളും അച്ചടിയ്ക്കുന്നത് മുതല്‍ ദൃശ്യശ്രാവ്യമാധ്യമങ്ങളില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും പരസ്യം നല്‍കുന്നത് വരെയുള്ള മുഴുവന്‍ പ്രചാരണ പരിപാടികളും നിയമാനുസൃതമായിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്്കര്‍ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ലഘുലേഖകളും പോസ്റ്ററുകളും അച്ചടിയ്ക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148ാം വകുപ്പിലെയും വ്യവസ്ഥകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും അച്ചടിശാല ഉടമസ്ഥരും പാലിക്കണം. ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും നിര്‍ബന്ധമാണ്. അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സ് ഉടമ) നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം പ്രസ് ഉടമ നിശ്ചിത ഫോറത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.  തെരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കുകയും വേണം. പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ പരസ്യം നല്‍കുമ്പോള്‍ നിയമപരമായ നിബന്ധനകള്‍ പാലിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല. വാഹനങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍ വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം.ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണ വാഹനമായോ വീഡിയോ പ്രചാരണ വാഹനമായോ ഉപയോഗിക്കാന്‍ പാടുള്ളൂ. റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും  പോസ്റ്ററുകളും ബാനറുകളും ചുമരെഴുത്തുകളും അനുവദനീയമല്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവരുടെ അനുമതിയോടെയാകണം. ഇതിനെല്ലാം വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അത് ആറുമാസം വരെയുള്ള തടവ് ശിക്ഷയോ  2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ്. അല്ലെങ്കില്‍ തടവും പിഴയും ലഭിച്ചേക്കാം.

 

date