Skip to main content

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ പോള്‍ മാനേജര്‍ ആപ്

 

 

 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സുഗമമാക്കുന്നതിനും വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വേഗം ജില്ലാതലത്തില്‍ ലഭ്യമാക്കാനും പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി. വോട്ടെടുപ്പ് ദിവസവും അതിന് മുമ്പത്തെ ദിവസവും ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനാണ് മൊബൈല്‍ ആപ്പ് ആയ പോള്‍ മാനേജര്‍ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. ഇതിനായി ആപ്പില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 21 ചോദ്യാവലികളാണുള്ളത്.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പോളിംഗ് സാമഗ്രികള്‍ സ്വീകരിച്ച നിമിഷം മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നത് വരെയുള്ള ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള വിവരങ്ങളും ഇതില്‍ അപ്‌ഡേറ്റ് ചെയ്യും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോള്‍ മാനേജര്‍ പോര്‍ട്ടല്‍ വഴി തിരഞ്ഞെടുപ്പ് പുരോഗതികള്‍ അപ്പപ്പോള്‍ വിലയിരുത്തും. 

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കായി പോള്‍ മാനേജര്‍ ആപ്പും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി പോര്‍ട്ടല്‍ സംവിധാനവുമാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനായി സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.
പോള്‍ മാനേജര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ മുഖേന ഉദ്യോഗസ്ഥര്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുക.

മോക്ക് പോളിംഗ്, ഓരോ മണിക്കൂറും ഇടവിട്ടുള്ള പോളിംഗ് ശതമാനം, വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങള്‍, പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ തുടങ്ങി വോട്ടിംഗ് അവസാനിക്കുന്നതുവരെയുള്ള വിവരങ്ങളാണ് ആപ്പില്‍ രേഖപ്പെടുത്തുക. അപ്രതീക്ഷിത സംഭവങ്ങള്‍, ഇ.വി.എം തകരാര്‍, ക്രമസമാധാനം, പോളിങ് തടസപ്പെടുക  തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള സംവിധാനവും പോള്‍ മാനേജറില്‍ ഉണ്ട്.  നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് പോള്‍ മാനേജര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനായി 11 പേരടങ്ങിയ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ചുമതലയുണ്ട്.

date