Skip to main content

ചരിത്രത്തിന്റെ അമൂല്യ ശേഖരവുമായി അന്താരാഷ്ട്ര പുരാരേഖ പഠനകേന്ദ്രം വരുന്നു

ശിലാസ്ഥാപനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

പുരാരേഖകളുടെ പഠനം, ഗവേഷണം, ശാസ്ത്രീയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ആര്‍ക്കൈവ്സ് ആന്‍ഡ് ഹെറിറ്റേജ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്നു(07 ജനുവരി) വൈകിട്ട് മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.  സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പും കേരള സര്‍വകലാശാലയും സംയുക്തമായാണ് ശാശ്വത മൂല്യമുളള പുരാരേഖകള്‍ ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്ക് ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യവുമായി പുതിയ പദ്ധതിക്കു തുടക്കമിടുന്നത്. ആര്‍ക്കൈവ്സ് വകുപ്പിന്റെ കൈവശമുള്ള 14-ാം നൂറ്റാണ്ട് മുതലുള്ള അമൂല്യമായ രേഖാശേഖരം ഇതിലൂടെ സംരക്ഷിക്കാനാകും.

കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കേരള സര്‍വകലാശാല 33 വര്‍ഷത്തേയ്ക്ക് ആര്‍ക്കൈവ്‌സ് വകുപ്പിനു പാട്ടത്തിനു നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സെന്റര്‍ ആരംഭിക്കുന്നത്.  കേരള സര്‍ക്കാര്‍ പദ്ധതി നിര്‍വഹണത്തിനായി നടപ്പു സാമ്പത്തിക വര്‍ഷ ബജറ്റില്‍ ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ മ്യൂസിയങ്ങളുടെ നിര്‍മാണ നോഡല്‍ ഏജന്‍സിയായ കേരളം മ്യൂസിയമാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്.  സെന്ററിന്റെ ആദ്യഘട്ട നിര്‍മാണം നടപ്പു സാമ്പത്തിക വര്‍ഷംതന്നെ പൂര്‍ത്തിയാക്കും.  ആര്‍ക്കൈവ്സിന്റെ പക്കലുളള ഒരു കോടിയിലേറെ വരുന്ന താളിയോല രേഖകള്‍ പ്രദര്‍ശിപ്പിക്കുന്ന താളിയോല രേഖാ മ്യൂസിയവും ജില്ലയില്‍ സജ്ജമായി വരുന്നുണ്ട്. 

കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരാരേഖ - മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍, ശശിതരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date