Skip to main content

മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രം: കിടപ്പ് രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കി

 

ആലപ്പുഴ : കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകി മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രം. സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച 'ഞങ്ങളുണ്ട് കൂടെ ' സാന്ത്വന പരിചരണ പരിപാടിയാണ് മുപ്പതോളം വരുന്ന കിടപ്പു രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്രയമായത്. മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യക്കിറ്റും ബെഡ് ഷീറ്റും സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്തു. ആര്യാട് ബ്ലോക്കിലെ ആര്യാട് പഞ്ചായത്ത്, കഞ്ഞിക്കുഴി ബ്ലോക്കിനു കീഴിലുള്ള ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 30 കിടപ്പുരോഗികള്‍ക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഓരോ പഞ്ചായത്തില്‍ നിന്നും അര്‍ഹരായ അഞ്ചുപേരെ വീതം പാലിയേറ്റീവ് നഴ്‌സുമാര്‍ തന്നെ കണ്ടെത്തുകയായിരുന്നു. 700 രൂപയുടെ ഭക്ഷ്യ കിറ്റില്‍ അരി, പഞ്ചസാര, എണ്ണ, കടല, സവാള, ഉള്ളി, തേയില, കിഴങ്ങ്, റവ, പുട്ട് പൊടി, ആട്ട, പരിപ്പ്, മഞ്ഞള്‍ പൊടി, കടുക് തുടങ്ങിയ ഇനങ്ങളാണുള്ളത്. ഇതിന് പുറമെയാണ് ബെഡ് ഷീറ്റ് നല്‍കിയത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള വ്യക്തികളുടെ സഹായ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.

ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍വഹിച്ചു. മുഹമ്മ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, ഡോ. ശ്രീദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരിലാല്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ തോമസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date