കേരള ലുക്‌സ് എഹെഡ്ഡ്: രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്ന് മുതല്‍
ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് 'കേരള ലുക്‌സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നു മുതല്‍ മൂന്നുവരെ സംഘടിപ്പിക്കുന്നു. ലോകപ്രശസ്തരായ വിദഗ്ധര്‍ പങ്കെടുത്ത് സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.
രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.
വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ രത്തന്‍ ടാറ്റ, ആനന്ദ് മഹീന്ദ്ര, എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലകൃഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി കാണാം.
- Log in to post comments