ജില്ലാ വികസന സമിതി ചേര്‍ന്നു
ജില്ലാവികസന സമിതി യോഗം ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലൂടെ ചേര്‍ന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇനിയും ആരംഭിക്കാത്ത പ്രവൃത്തികള്‍ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാകലക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നടപ്പിലാക്കുന്ന എല്ലാ പ്രവൃത്തികളും ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. തുടര്‍ നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശം നല്കി. ഫെബ്രുവരി 8, 9, 11 തീയതികളില്‍ മന്ത്രിമാരുടെ അധ്യക്ഷതയില്‍ വിവിധ താലൂക്കുകളിലായി നടത്തുന്ന 'സ്വാന്തനം' ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകള്‍ അക്ഷയ മുഖേനയോ ഓണ്‍ലൈനായോ ഫെബ്രുവരി രണ്ടിനകം സമര്‍പ്പിക്കണമെന്ന് എ.ഡി.എം യോഗത്തില്‍ അറിയിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ കേരള ലുക്സ് എഹെഡ്ഡ്' എന്ന പേരില്‍ ഓണ്‍ലൈനായി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ ആവശ്യപ്പെട്ടു. ആഗോള പ്രശസ്തരായ നയ രൂപീകരണ വിദഗ്ധരും, നോബേല്‍ സമ്മാന ജേതാക്കളും, സാങ്കേതിക പ്രവര്‍ത്തകരും, വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമാഹരിക്കും. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഫെബ്രുവരി 15ന് നടത്തുന്ന അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് അറിയിച്ചു. യോഗത്തില്‍ എം.എല്‍.എ മാരും, എംപിമാരുടെ പ്രതിനിധികളും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments