Skip to main content

അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി

**പാര്‍ശ്വവത്കരിക്കപ്പെടുന്നവരോടൊപ്പം നില്‍ക്കുക സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി

**ഓരോ കോളനിയിലും നടന്നത് ഒരുകോടിയുടെ പ്രവര്‍ത്തനങ്ങള്‍

 

പട്ടിക ജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗ്രാമങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പള്ളിച്ചല്‍ പഞ്ചായത്തിലെ തേരിക്കവിള കോളനി, ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്തിലെ കുഴിയം കോളനി എന്നിവിടങ്ങളില്‍ ഒരുകോടി വീതം ചെലവഴിച്ചു പൂര്‍ത്തിയാക്കിയ അംബേദ്കര്‍ ഗ്രാമങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. വീടുകളുടെ അറ്റകുറ്റ പണി, നടപ്പാതയുടെയും റോഡുകളുടെയും നിര്‍മാണം, ശ്മശാനത്തിന്റെ ചുറ്റുമതില്‍, കുടിവെള്ള ടാങ്ക്, സാംസ്‌കാരിക നിലയം എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് തേരിക്കവിള കോളനി നടപ്പാക്കിയത്. ഭവന നവീകരണം, റോഡ്, നടപ്പാതകള്‍, കുടിവെള്ളം, ഡ്രൈനേജ് അറ്റകുറ്റപണികള്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തികളാണ് കുഴിയം കോളനിയില്‍ നടത്തിയത്.

 

പാര്‍ശ്വവത്കരിക്കപ്പെടുന്നവരോട് ചേര്‍ന്ന് നില്‍ക്കുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് അംബ്ദേകര്‍ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനോടകം 117 പട്ടികജാതി കോളനികളുടെയും 60 പട്ടികവര്‍ഗ്ഗ കോളനികളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ഒരു കോടി രൂപ വീതം ചെലവഴിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത്. പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ മുഖച്ഛായ അടിമുടി മാറി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതമനുഭവിച്ചിരുന്ന ജനതയ്ക്ക് കൈത്താങ്ങായി മാറാന്‍ പദ്ധതിക്കു സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

 

കുഴിയം കോളനിയില്‍ നടന്ന പ്രത്യേക ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും തേരിക്കവിള കോളനിയില്‍ നടന്നചടങ്ങ് ഐ.ബി സതീഷ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. തേക്കരിവിളയില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ്. കെ പ്രീജയും കുഴിയം കോളനിയില്‍ അഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനിലും അധ്യക്ഷത വഹിച്ചു. പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

date