Skip to main content

യുവജന കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി; തീര്‍പ്പാക്കിയത് പത്ത് പരാതികള്‍

 
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലയില്‍ മലപ്പുറം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തി. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ പത്ത് പരാതികള്‍ തീര്‍പ്പാക്കി. 11 പരാതികള്‍ തിരുവനന്തപുരത്ത് നടക്കുന്ന അദാലത്തിലേക്ക് മാറ്റി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 21 പരാതികളും പുതുതായി ലഭിച്ച പത്ത് പരാതികളുമാണ് അദാലത്തില്‍ പരിഗണിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളുടെ എണ്ണം കുറക്കുന്നതിനായി അടിയന്തര പ്രാധാന്യമുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

പെരിന്തല്‍മണ്ണയിലെ പ്രമുഖ കോളജില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ  നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അവിടുത്തെ വിദ്യാര്‍ഥി നല്‍കിയ പരാതിയാണ് കമ്മീഷന്‍ തീര്‍പ്പാക്കിയ പ്രധാന പരാതി. കോളജ് പ്രിന്‍സിപ്പല്‍, വകുപ്പ് എച്ച്.ഒ.ഡി എന്നിവരെ അദാലത്തില്‍ വിളിച്ചു വരുത്തി കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുകയും പരാതി നല്‍കിയ വിദ്യാര്‍ഥി ഉന്നയിച്ച കാര്യങ്ങള്‍ കോളജ് ഗൗരവത്തോടെ കാണുകയും തുടര്‍ന്ന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് കോളജ് അധികൃതര്‍ ഉറപ്പ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.

നവമാധ്യമങ്ങളിലൂടെ അപമാനം നേരിടേണ്ടി വന്ന പെണ്‍കുട്ടിയുടെ പരാതിയാണ് കമ്മീഷന്‍ തീര്‍പ്പാക്കിയ മറ്റൊരു പരാതി. കമ്മീഷന്റെ നിര്‍ദേശ പ്രകാരം എസി.പി അദാലത്തില്‍ നേരിട്ടെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി ക്രൈം രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിക്ക് അനുകൂലമായ രീതിയില്‍ നടപടികള്‍ സ്വീകരിച്ച് പൊലീസ് ജാഗ്രതയോടെ ഇടപെടുമെന്ന് എസി.പി അറിയിച്ചതായും കമ്മീഷന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പത്ത് പരാതികളാണ് അദാലത്തില്‍ പരിഗണിച്ച് പരിഹാരം കണ്ടത്.
പുതുതായി പത്ത് പരാതികളാണ് കമ്മീഷന്‍ മുമ്പാകെ എത്തിയത്. എം.എ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്‌സ് തമിഴ്‌നാട്ടില്‍ നിന്നും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ പരാതിയും കമ്മീഷന്‍ മുമ്പാകെ എത്തി. പരാതി പരിഹരിക്കാനായി പി.എസ്.സിക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. ഓണ്‍ലൈന്‍ ചൂതാട്ടം, പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി സംബന്ധിച്ചുള്ള പരാതികളും അദാലത്തില്‍ ലഭിച്ചു. യുവജന കമ്മീഷനും യുവജനക്ഷേമ ബോര്‍ഡും നെഹ്‌റു യുവകേന്ദ്രയും വിമുക്തി മിഷനും സംയുക്തമായി ലഹരിക്കെതിരെ മാസീവ് പ്രോഗ്രാം ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് ലൈബ്രറി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലഭിച്ചതായും കമ്മീഷന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ യുവജനങ്ങള്‍ അകപ്പെടുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ കമ്മീഷന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വ്യക്തമാക്കി. യുവജന കമ്മീഷന്‍ അംഗങ്ങളായ പി.കെ.മുബഷീര്‍, പി.പി.സുമോദ്, കെ.കെ.വിദ്യ, പി.എ. സമദ്, കമ്മീഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.എസ്. സബി, അസിസ്റ്റന്റ് രമ്യ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
 

date