Skip to main content

പാലോട് ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മന്ദിരോദ്ഘാടനം ഇന്ന്(12 ഫെബ്രുവരി)

**മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം ലഭ്യമാക്കുന്നതിനായി പാലോട് നിര്‍മിച്ച ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആന്റ് കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബഹുനില ഓഫീസ് മന്ദിരോദ്ഘാടനം ഇന്ന്(12 ഫെബ്രുവരി) വൈകിട്ട് നാലുമണിക്ക് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സമന്വയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ച് അറിവു നല്‍കുക, തൊഴില്‍ ആസൂത്രണം ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്നിവയാണ് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ലക്ഷ്യം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ സംരംഭങ്ങളായ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍, എംപ്ലോയബിലിറ്റി സെന്റുകള്‍ എന്നിവ വഴി കൂടുതല്‍ തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൃഷ്ടിക്കുക. പട്ടികജാതി പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയാണ് സമന്വയ.

 

പാലോട് മേള ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ടി. കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം പി, മുന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ വി കെ മധു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിക്കും

date