Skip to main content

തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടേയും പാലങ്ങളുടേയും  പൂര്‍ത്തീകരണോദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും ഇന്ന്

 

തരൂര്‍ അസംബ്ലി മണ്ഡലത്തിലെ വിവിധ റോഡുകളുടേയും പാലങ്ങളുടേയും പൂര്‍ത്തീകരണോദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും ഇന്ന് (ഫെബ്രുവരി 18) രാവിലെ 11 ന് പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി, കെ.ഡി പ്രസേനന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാഥികളാവും.

മൂന്നു കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡ്, 90 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വടക്കേനട പത്തനാപുരം റോഡ് ഒന്നാം ഘട്ടം, 20 കോടിയില്‍ നിര്‍മ്മിച്ച ഇരട്ടക്കുളം വാണിയമ്പാറ റോഡ് എന്നിവയുടെ പൂര്‍ത്തീകരണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. അതോടൊപ്പം 2.60 കി.മീ നീളത്തില്‍ 3.5 കോടി വകയിരുത്തി ആരംഭിക്കുന്ന വടക്കഞ്ചേരി ബസാര്‍ റോഡ്, മൂന്നു കോടിയില്‍ വടക്കേനട പത്തനാപുരം റോഡ് രണ്ടാം ഘട്ടം, 3.08 കോടി ചിലവില്‍ മംഗലം പാലം, 3.5 കോടിയില്‍ കൊളയക്കാട് പാലം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ലിസ്സി സുരേഷ്, കവിതാ മാധവന്‍, സുമതി ടീച്ചര്‍, സി. രമേഷ്‌കുമാര്‍ എന്നിവരും ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ അംഗം കെ.വി ശ്രീധരന്‍, കോഴിക്കോട് ഉത്തരമേഖല നിരത്തുകള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.വി വിശ്വപ്രകാശ്, കോഴിക്കോട് ഉത്തരമേഖല ദേശീയപാത സൂപ്രണ്ടിങ് എഞ്ചിനീയര്‍ എ.മുഹമ്മദ്, പാലക്കാട് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, പാലങ്ങള്‍ നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. ശങ്കരന്‍ എന്നിവര്‍ പങ്കെടുക്കും.

date