Skip to main content

അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍  സ്ത്രീ സൗഹൃദ കേന്ദ്രം തുറന്നു

 

ആലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പൊതുസ്ഥാപനങ്ങളില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ജെന്‍ഡര്‍ ബഡ്ജറ്റിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ ഏറെ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ കേന്ദ്രങ്ങള്‍ കായംകുളത്താണ് നിര്‍മിച്ചിരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തില്‍ 10 എണ്ണം അനുവദിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

15 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വിശ്രമമുറി, വാഷ് ഏരിയ, രണ്ട് ശുചിമുറികള്‍ എന്നിവ ചേര്‍ന്നതാണ് പുതിയ കെട്ടിടം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗം അഞ്ചു, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഐ. നസീം, ഡിവൈ.എസ്.പി. വിദ്യാധരന്‍, ഇന്‍സ്പെക്ടര്‍ എം.ജി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

date