Skip to main content

അടിസ്ഥാന പരമായ ഒട്ടേറെ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ സംസ്ഥാനത്ത് ഉണ്ടായത്  - ആരോഗ്യ മന്ത്രി കെ.കെ ശൈലജ  വയോമിത്രം :  ബ്ലോക്കുകളിലെ ആദ്യ പദ്ധതിക്ക് ഒല്ലൂക്കരയില്‍ തുടക്കമായി

 

വൻകിട വികസനം മുതൽ താഴെ തലത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും പ്രായം ചെന്നവർക്കും വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി വലിയ മാറ്റമാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് അടിസ്ഥാന പരമായ ഒട്ടേറെ മാറ്റങ്ങളാണ് ഈ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഉണ്ടായത്. ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കര വയോമിത്രം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ
 ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ആരോഗ്യരംഗത്ത് ഉണ്ടായ മേന്മയാണ് ആയുസ് വർദ്ധനവിന് ഇടയാക്കിയത്.
 കഴിഞ്ഞ അഞ്ച് വർഷത്തിൽ സർക്കാർ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻ്റർ വിഭാഗത്തിനുമായി നിരവധി പദ്ധതികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
 
തൃശൂര്‍ ജില്ലയില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനെയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്. 65 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനയും രക്താതിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് സൗജന്യമായി മരുന്നു നല്‍കി വയോജന ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. ഒരു പഞ്ചായത്തില്‍ 10 കേന്ദ്രങ്ങള്‍ എന്ന തോതില്‍ 40 കേന്ദ്രങ്ങളില്‍ ആരോഗ്യ പരിശോധനയും മരുന്നുകളുടെ വിതരണവും എല്ലാ മാസവും നടത്തും. കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷനും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനാവശ്യമായ 37 ലക്ഷം ഇതിനകം തന്നെ സാമൂഹ്യ സുരക്ഷാ മിഷന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ രവി, വൈസ് പ്രസിഡൻ്റ് ഫ്രാൻസീസ് ഷാജി, സെക്രട്ടറി എം ആർ അഭിലാഷ്, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി. സജീവ്, സിനി പ്രദീപ് കുമാർ, പി.ആർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

date