Skip to main content

ആരോഗ്യമേഖലയില്‍ വലിയ മാറ്റം സൃഷിക്കാന്‍ സര്‍ക്കാരിനായി: മുഖ്യമന്ത്രി പിണറായി വിജയന്‍

 

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ വലിയ മാറ്റം സൃഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിയന്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ചതും നിര്‍മിക്കുന്നതുമായ ആശുപത്രി കെട്ടിങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകമാകെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെ അംഗീകരിച്ചു കഴിഞ്ഞു. ആരോഗ്യ മേഖലയുടെ കാലാനുസൃതമായ മാറ്റത്തിനായി രൂപീകരിച്ച ആര്‍ദ്രം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളാക്കി. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വരെ ഒട്ടേറെ മാറ്റങ്ങളാണ് നടപ്പാക്കിയത്. സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് ഇവയെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2979 കോടി രൂപ ചെലവില്‍ സംസ്ഥാനത്താകെ 37 പദ്ധതികളുടെ ശിലാസ്ഥാപനമാണ് ആരോഗ്യ മേഖലയില്‍ ഇന്ന് നടന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കയര്‍  ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. 
കിഫ്ബിയില്‍ നിന്നും 61.53 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിക്കുന്ന ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

ചേര്‍ത്തല താലൂക് ആശുപത്രിയില്‍ നടന്ന പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ മേഖലയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ മേഖലയെ ശാക്തീകരിക്കാനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വലിയ നിക്ഷേപമാണ് നടത്തിയത്. കിഫ്ബി ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് വളരെ ഗുണകരമായ മാറ്റമുണ്ടായ കാലഘട്ടമാണെതെന്നും മന്ത്രി പറഞ്ഞു.
12,152 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആറു നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ ഒ.പിയും അത്യാഹിത വിഭാഗവും മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററും ഒന്നാം നിലയില്‍ ഒ.പി, ലബോറട്ടറി, സ്‌കാനിംഗ് എന്നിവയും രണ്ടാം നിലയില്‍ കുട്ടികളുടെ ബ്ലോക്കും ഐസൊലേഷന്‍ വാര്‍ഡും മൂന്നാം നിലയില്‍ ജനറല്‍ സര്‍ജറി വാര്‍ഡും നാലും അഞ്ചും നിലകളില്‍ ഐ.സി.യു. ഡോക്ടര്‍മാരുടെ മുറികള്‍, ആറാം നിലയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിങ്ങനെയാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്‍പ്പന.

ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ടോമി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത സന്തോഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date