നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കയർമേഖല വൈവിധ്യവൽക്കരിക്കും : മന്ത്രി ടി.എം തോമസ് ഐസക്ക്
ആലപ്പുഴ: നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ കയർ അനുബന്ധ മേഖലകളുടെ സുസ്ഥിര വികസനവും വൈവിധ്യവൽക്കരണവും വേഗത്തിലാക്കുമെന്ന് ധന - കയർ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക്. കയർ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും എന്ന വിഷയത്തില്‍ കയര്‍ കേരള വേദിയില്‍ നടന്ന വെർച്വൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉൽപന്ന വൈവിധ്യവത്കരണത്തിനു പ്രാമുഖ്യം നൽകുന്ന ഗവേഷണ പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. ഗവേഷണങ്ങൾക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും സർക്കാർ നൽകുമെന്നും അത്തരത്തിലുള്ള ഗവേഷണങ്ങൾ എൻ.സി.ആർ.എം. ഐ ഏകോപിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ വിപണിയിലെത്തിയിട്ടില്ലാത്ത നൂതന കയറനുബന്ധ ഉത്പന്നങ്ങൾ എങ്ങനെ വിപണിയിൽ അവതരിപ്പിക്കാം, അതിന്റെ സാമ്പത്തിക ക്ഷമത, സാങ്കേതിക വശങ്ങൾ,വാണിജ്യ ക്ഷമത എന്നിവ സെമിനാറിൽ ചർച്ച ചെയ്തു. കോൺക്രീറ്റ് ഭിത്തി വിണ്ടുകീറി പാടുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സിമന്റു മിശ്രിതത്തിൽ ചേർക്കുന്ന കയർ ഫൈബർ, ചരിവ് ഭൂമിയിൽ കൃഷിചെയ്യുന്നതിന് പര്യാപ്തമാക്കുന്ന ജിയോസെല്ലുകൾ, വീട്ടുപകരണങ്ങൾ തൊട്ട് വാഹനഭാഗങ്ങൾ വരെ നിർമ്മിക്കാനാകുന്ന കയർ കോമ്പസിറ്റ് ബോർഡ്, വീട്ടുമാലിന്യ സംസ്കരണ സംവിധാനം എന്നിങ്ങനെ കയറിന്റെ വൈവിദ്ധ്യമാർന്ന ഉത്പ്പന്നങ്ങൾ വൈകാതെ കമ്പോളത്തിൽ ലഭ്യമാകുമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി.
എം. ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പാനൽ ചെയർമാനായി. എൻ.സി.ആർ.എം ഐ. ഡയറ്കടർ ഡോ. അനിൽ കെ.ആർ മോഡറേറ്ററായ ചർച്ചയിൽ കയർ ഡെവലപ്പ്മെന്റ് അഡീഷണൽ ഡയറക്ടർ കെ. എസ്. പ്രദീപ്കുമാർ, കയർഫെഡ് സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.ഐ സുരേഷ്, സുനിൽ, എൻ സി ആർ എം ഐ സയന്റിസ്റ്റുമാരായ സി.അഭിഷേക് , റിനു പ്രേംരാജ് എന്നിവർ സംസാരിച്ചു. ശാസ്ത്രജ്ഞരായ ഡോ. സാജു പിള്ള (സി.എസ്.ഐ.ആര്-എന്‍.ഐ.ഐ.എസ്.ടി), ഡോ. വി.എസ് പ്രസാദ് (സി.എസ്.ഐ.ആര്-എന്‍.ഐ.ഐ.എസ്.ടി), ഡോ. രാജേഷ് (മാനേജര്‍ ആന്‍ഡ് അസിസ്റ്റന്റ് പ്രഫസര്‍, സി.ബി.പി.എസ്.ടി), ഡോ. ശുഭ വി (പ്രഫസര്‍, കുസാറ്റ്), ഡോ. രാധകൃഷ്ണന് (സി.ഐ.സി.ടി, കയര്‍ ബോര്‍ഡ്), രഞ്ജിത് കുമാര്‍ (സി.സി.ആര്.ഐ), സിബി ജോയ് (എന്‍.സി.ആര്.എം.ഐ) സൗമ്യ ടി.വി (ടെക്നിക്കൽ ഓഫീസര്‍ എന്‍.സി.ആര്.എം.ഐ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് കയർ വ്യവസായ മേഖലയിലെ നവീന ആശയങ്ങളും സ്റ്റാർട്ട് അപ്പ് സംരംഭങ്ങളും എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ കയർ മേഖലയിലെ നൂതന ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച് സംരംഭകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു. പരമ്പരാഗത, സ്റ്റാർട്ട് അപ്പ് സംരംഭകരുടെ സംശയങ്ങൾക്ക് കയറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും ഗവേഷകരും ഉത്തരം നൽകി.
ചർച്ചയിൽ സി ഡിറ്റ് ജോയിന്റ് ഡയറക്ടർ ഡോ. പി വി ഉണ്ണികൃഷ്ണൻ, എൻ സി ആർ എം ഐ ഡയറക്ടർ ഡോ അനിൽ കെ ആർ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ധനജ് കെ എം, അജിത്ത്കുമാർ എൻകെ (കെ ഡി ഐ എസ് സി), അഭിജിത്ത് നായർ (കെ ഡി ഐ എസ് സി), അരുൺ എച്ച് (ദ്രോണ എഞ്ചിനീയേഴ്സ്) എന്നിവർ പങ്കെടുത്തു.
- Log in to post comments