Skip to main content

ജില്ലാ പഞ്ചായത്ത് മുഖേന ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയത് വിവിധ പദ്ധതികള്‍

 

ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് 9.5 കോടി ചെലവിലാണ് എം.ആര്‍.ഐ സ്‌കാനിങ്, നേത്ര ശസ്ത്രക്രിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 2019- 2020 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എം.ആര്‍.ഐ സ്‌കാന്‍ സംവിധാനത്തിന് 7.5 കോടി, നേത്ര ശസ്ത്രക്രിയ സംവിധാനത്തിന് രണ്ട് കോടി എന്നിങ്ങനെ 9.5 കോടി രൂപയാണ് നീക്കിവെച്ചത്. വയോധികരുടെ പ്രത്യേക പരിപാലനം ലക്ഷ്യമിട്ട് ജില്ലാ ആശുപത്രിയില്‍ 89.14 ലക്ഷം ചെലവില്‍ ജെറിയാട്രിക് വാര്‍ഡ് നിര്‍മിക്കുകയും തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു. കൂടാതെ 25.99 ലക്ഷം ചെലവില്‍ യൂറോളജി വിഭാഗവും 19.99 ലക്ഷം ചെലവില്‍ നെഫ്രോളജി വിഭാഗവും സജ്ജീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയിലെ സമഗ്ര മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ഒരു കോടി വകയിരുത്തിയതില്‍ പൊട്ടിയ സാനിറ്റേഷന്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചു. ഡ്രൈനേജ് പുതുക്കി പണിതു. ജൈവമാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. പുറമെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ഒരു മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയും (എം.ആര്‍.എഫ്) സജ്ജമാക്കി. ഇതിനകം 70 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. ബയോ മെഡിക്കല്‍ വേസ്റ്റുകള്‍ ഐ.എം.എ.യുടെ സംഘടനയായ 'ഇമേജ്' ശേഖരിക്കുന്നുണ്ട്.

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി സ്വയംപര്യാപ്തത നേടുക ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില്‍ തുടക്കമിട്ട പദ്ധതിയാണ് സൗരോര്‍ജ വൈദ്യുതി ഉത്പാദന പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് 20 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പാനലുകളാണ് ജില്ലാ ആശുപതിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ നടപ്പാക്കി വരുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സോളാര്‍ പദ്ധതി. ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന 20 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകളില്‍ നിന്നും പ്രതിദിനം 80  മുതല്‍ 100 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ജാലക മോര്‍ച്ചറി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കി. ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ജെറിയാട്രിക് വാര്‍ഡില്‍ പ്രായമായവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നിലയില്‍ ആരംഭിച്ച ജെറിയാട്രിക് വാര്‍ഡില്‍ 75 പേര്‍ക്ക് കിടത്തി ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റ്, ജലസംഭരണി, മലിന ജലവും മഴ വെള്ളവും ഒഴുക്കി കളയുന്നതിനുള്ള സംവിധാനം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 82 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കിയിട്ടുള്ളത്.
 

date