പെരുമാറ്റ ചട്ടം കർശനമായി നടപ്പിലാക്കണം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
പെരുമാറ്റ ചട്ടം കർശനമായി നടപ്പിലാക്കണമെന്ന് കലക്ടർമാർക്കും എസ് പി മാർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിർദ്ദേശം നൽകി. ജില്ലാ കലക്ടർമാർക്കും എസ്പിമാർക്കുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ ആരും തന്നെ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കരുതെന്ന് അദ്ദേഹം അറിയിച്ചു.
നിലവിൽ പൊതുനിരത്തുകളിലുള്ള രാഷ്ട്രീയ പാർട്ടി പോസ്റ്ററുകൾ, ബാനറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. വിവിധ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നീക്കം ചെയ്യണം. പോളിങ് ബൂത്തുകളുടെ സജ്ജീകരണം ഉടൻ പൂർത്തിയാക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 300 കേന്ദ്രസേനയെ നിയോഗിക്കും. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾക്കായി മൈതാനങ്ങൾ, ഹാളുകൾ എന്നിവ കൂടുതലായി കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ കലക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകളാൽ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകളും സജ്ജീകരിക്കും. അഞ്ചോ അതിലധികമോ പോളിങ് ബൂത്തുകളുള്ള സെൻററുകളിൽ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കും. ഇത്തരം പോളിങ് ബൂത്തുകളിൽ ക്രൗഡ് കൺട്രോൾ മാർഗങ്ങൾ ആവിഷ്കരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശം നൽകി.
ജില്ലയിൽ വരും ദിവസങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും. വിവിധ സ്ക്വാഡുകൾ ട്രെയിനിങ് പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ പ്രവർത്തനനിരതമാകുമെന്ന് വർണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ് ഷാനവാസ് യോഗത്തിൽ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ എസ് പി ജി പൂങ്കുഴലി എന്നിവർ ജില്ലയിൽ നിന്ന് യോഗത്തിൽ പങ്കെടുത്തു.
- Log in to post comments