Skip to main content

വരിക വരിക കൂട്ടരേ... വോട്ട് ചെയ്യാന്‍ പാട്ടൊരുക്കി സ്വീപ്

 

 

വരിക വരിക കൂട്ടരേ.....പേരു ചേര്‍ക്കു കൂട്ടരേ.... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ തിരക്കിലാണ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ സ്വീപ് ടിം. ഇത് വെറുമൊരു പാട്ടല്ല. തിരഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത പങ്കുവെയ്ക്കുന്ന ബോധവത്ക്കരണ ഗാനമാണ്. ബോധവത്ക്കരണത്തിനായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പരിപാടിയുടെ ഭാഗമായാണ് പുതിയ ഗാനം പുറത്തിറക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാനും നൂറ് ശതമാനം പോളിങ് ഉറപ്പുവരുത്താനുമാണ്   ഗാനം പുറത്തിറക്കുന്നത്.  ബോധവത്കരണത്തിന്റെ ഭാഗമായുള്ള സ്വീപ് പരിപാടികളില്‍ ഇനി ഈ ഗാനവുമുണ്ടാകും. വിവിധ ഇടങ്ങളില്‍ നടക്കുന്ന ചിത്രീകരണത്തില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസും പങ്കുചേര്‍ന്നു. 

 

പ്രശസ്ത സംവിധായകന്‍ ഉദയശങ്കറാണ് ഗാനചിത്രീകരണം നിര്‍വഹിക്കുന്നത്. മുന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യു ഷീജാ ബീഗം രചിച്ച വരിക കൂട്ടരേ....പേര് ചേര്‍ക്ക കൂട്ടരേ... വോട്ടറായി നിന്ന് കൊണ്ട്  വോട്ട്  ചെയ്യു കൂട്ടരേ എന്ന വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജില്ലാ സ്വീപിന്റെ നേതൃത്വത്തില്‍ പുള്ള്, പീച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിച്ച ഗാന ചിത്രീകരണം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുടരുന്നു.  

 

താല്‍ക്കാലിക പോളിങ് ബൂത്തുകള്‍ സ്ഥാപിച്ചാണ് പലയിടങ്ങളിലും ചിത്രീകരണ നടന്നു വരുന്നത്. മുക്കാട്ടുകര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലാണ് 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്.

 

നിതിന്‍ തളിക്കുളമാണ് ഛായാഗ്രഹകന്‍. സ്വീപ് നോഡല്‍ ഓഫീസര്‍ പി സി ബാലഗോപാല്‍, കോഡിനേറ്റര്‍ ടി ബിജുദാസ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ തുടങ്ങിയവരും ചിത്രീകരണത്തില്‍ പങ്കെടുത്തു. മാര്‍ച്ച് 10 നകം ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

date