Skip to main content

അവശ്യ സേവനവിഭാഗം ജീവനക്കാര്‍ക്കും ഇത്തവണ തപാല്‍ വോട്ട്

 

 

*അപേക്ഷകള്‍ മാര്‍ച്ച് 17 നകം സമര്‍പ്പിക്കണം.

വോട്ടെടുപ്പ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പ് ദിവസം ജോലി ചെയ്യുന്ന വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് ജോലിയിലുള്ളവര്‍ക്ക് മാത്രമായിരുന്നു തപാല്‍ വോട്ടിനുള്ള അവസരമുണ്ടായിരുന്നത്.
 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കും  തപാല്‍വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും.  കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അടക്കമുള്ള പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിരുന്നു. തപാല്‍ വോട്ടുകള്‍ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 17 -നകം അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഫോറം 12 ഡിയില്‍ സമര്‍പ്പിക്കണം.

  ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്സ് , ജയില്‍, എക്സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി സി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിങ്് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം.
  ഓരോ വകുപ്പുകളിലും മറ്റ് വിഭാഗങ്ങളിലും എത്രപേര്‍ക്ക് തപാല്‍ വോട്ട് വേണ്ടിവരുമെന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് വിഭാഗം ശേഖരിച്ചുവരികയാണ്. കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേകം തയ്യാറാക്കുന്ന പട്ടിക പ്രകാരമായിരിക്കും തപാല്‍ വോട്ട് അനുവദിക്കുക.

അര്‍ഹരായ വോട്ടര്‍ക്ക് ലഭിക്കുന്ന 12 ഡി ഫോറത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കലാണ് തപാല്‍ വോട്ടിനുള്ള ആദ്യ നടപടി. മാര്‍ച്ച് 17-നുള്ളില്‍ അപേക്ഷ അതത് റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ അനുവദിക്കുന്ന തപാല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ വഴിയോ തപാല്‍ വഴിയോ റിട്ടേണിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവര്‍ക്ക് ചിഹ്നം അനുവദിച്ച് കഴിഞ്ഞ ശേഷമായിരിക്കും തപാല്‍ വോട്ടിനുള്ള ബാലറ്റുകള്‍ തയ്യാറാക്കുക.

 

date