Skip to main content

നിയമസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 12,942 ബാനറുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും

 

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവം. 1254 ബാനറുകളും 2452 കൊടിതോരണങ്ങളും 9207 പോസ്റ്ററുകളുമാണ് ഇതു വരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നീക്കം ചെയ്തത്. മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലമുടമയുടെ സമ്മതമില്ലാതെ സ്വകാര്യ ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.  ഒരു മണ്ഡലത്തില്‍ രണ്ട് സ്‌ക്വാഡ് വീതം 13 നിയമസഭാ മണ്ഡലങ്ങളിലായി 26 സ്‌ക്വാഡുകളെ സജ്ജീകരിച്ചിട്ടുണ്ട്. ഒരു സ്‌ക്വാഡില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം അഞ്ച് പേര്‍ ഉള്‍പ്പെടും. ഡി.ഡി.സി. (ഡിസ്ടിക്റ്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍) അനുപം മിശ്രയാണ്  ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍.

പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി 'സി വിജില്‍' ആപ് സജ്ജമാക്കിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയുമൊക്കെ ഫോട്ടോ എടുത്ത്   കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സന്ദര്‍ശിച്ച് രാഷ്ട്രീയ വ്യക്തികളുടെ ഫോട്ടോയുള്ള പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തുവെന്ന് സ്‌ക്വാഡ് ഉറപ്പാക്കും. ഇലക്ട്രിക് പോസ്റ്റ്, മതിലുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ എല്ലാതരം അപകീര്‍ത്തിപ്പെടുത്തലുകളും നീക്കം ചെയ്യും. സ്വകാര്യ വസ്തുക്കളുടെ കാര്യത്തില്‍ ഉടമ സമ്മതം നല്‍കിയിട്ടാണെങ്കില്‍ നടപടി ഉണ്ടാവില്ല. ഉടമ തന്നെ പരാതിപ്പെടുകയാണെങ്കില്‍ നടപടിയെടുക്കും.
ഒരു മണ്ഡലത്തില്‍ രണ്ട് ഡിഫേസ്‌മെന്റ് സ്‌ക്വാഡും, മൂന്ന് ഫ്‌ളയിംഗ് സ്‌ക്വാഡും, മൂന്ന് സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്.

 

date