Skip to main content

പെരുമാറ്റചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

**നൂറുമിനിറ്റിനകം നടപടി

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ സിറ്റിസണ്‍ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സി-വിജില്‍ വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററിലേയ്ക്ക് അയയ്ക്കാം. പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന്റെ തെളിവായി ചിത്രങ്ങളോ പരമാവധി രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയോ/ഓഡിയോയോ ആപ്പില്‍ അപ് ലോഡ് ചെയ്യാനാകും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ അതതു നിയമസഭാമണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്കു കൈമാറുകയും അവര്‍ എത്രയും വേഗം സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ചെയ്യും. 

 

ആപ്പ് ഉപയോക്താക്കള്‍ക്ക് പരാതിയിലുള്ളനടപടിയുടെ പുരോഗതി നിരീക്ഷിക്കാനും സൗകര്യമുണ്ട്. ഒരാള്‍ക്ക് ഒന്നിലേറെ പരാതികള്‍ നല്‍കാനുമാകും. പരാതി നല്‍കുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 0471-2732254 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലും അറിയിക്കാം.

date