കാലവര്‍ഷ കെടുതി നേരിടാന്‍ ജില്ല തയ്യാറെടുക്കുന്നു
പ്രകൃതി ദുരന്തവും പകര്‍ച്ചവ്യാധിയും ഉള്‍പ്പെടെയുള്ള കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് ജില്ല തയ്യാറെടുക്കുന്നു. മഴക്കാലത്തുണ്ടാകാനിടയുള്ള രോഗങ്ങളും അപകടസാഹചര്യങ്ങളും കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വാര്‍ഡുതല ജാഗ്രതാസമിതികള്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ റബ്ബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം കണ്ടത്തി നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ പറഞ്ഞു. വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. കാറ്റിലും മഴയിലും ഉണ്ടാകുന്ന കൃഷിയുടെയും വളര്‍ത്തു മൃഗങ്ങളുടെയും നാശം സംബന്ധിച്ച കണക്ക് കൃത്യമായി തയ്യാറാക്കി നഷ്ടപരിഹാരത്തിനായി സര്‍ക്കാരിനു സമര്‍പ്പിക്കണമെന്ന് കൃഷി മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടക്കണക്ക് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാര്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം. കെടുതി സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് ഏകോപനം നടത്തണം. ഇലക്ട്രിക്ക് പോസ്റ്റുകളും ലൈനുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ നേരിടുന്നതിന് കെഎസ്ഇബി അടിയന്തിര നടപടികള്‍ സ്വീകരിക്കണം. തോടുകള്‍ നിറഞ്ഞ് പുരയിടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജലവിഭവ വകുപ്പ് നടപടി എടുക്കണം. അപകടാവസ്ഥയിലുളള മരങ്ങളും ചില്ലകളും വനം വകുപ്പ് മുറിച്ച് നീക്കണം. ജലവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി സ്‌കൂളും പരിസരവും വൃത്തിയാക്കി സുരക്ഷിതത്വവും സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസും ഉറപ്പു വരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ നടപടി എടുക്കണമെന്ന് എഡിഎം കെ. രാജന്‍ നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യം സിവില്‍ സപ്ലൈസ് വകുപ്പുമായും പാചക വാതകം താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ക്രമീകരിക്കണം. താലൂക്ക് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്ക് ചുമതല നല്‍കണം. ഓരോ വില്ലേജിലേയും നാശനഷ്ട കണക്ക് അതത് ദിവസം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. വില്ലേജ് ഓഫീസര്‍മാരുടെയും മറ്റു റവന്യൂ ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
(കെ.ഐ.ഒ.പി.ആര്‍-1016/18)
- Log in to post comments