വീടുകളിൽ സൗകര്യമില്ലാത്ത കോവിഡ് രോഗികൾ ഡി.സി.സികളിലേക്ക് മാറണം
ആലപ്പുഴ: വീട്ടിൽ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾ വീട്ടിലെ അംഗങ്ങളുമായി സമ്പർക്കത്തിലായി രോഗം പിടിപെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് കഴിയാൻ മുറിയും വ്യക്തിഗതമായി ഉപയോഗിക്കാൻ മുറിയോട് ചേർന്ന് ശുചിമുറിയുമില്ലാത്ത സാഹചര്യത്തിൽ കോവിഡ് രോഗി വീട്ടിൽ കഴിയുന്നത് കുടുംബാഗങ്ങൾക്ക് രോഗം പിടിപെടാനുള്ള സാഹചര്യമുണ്ടാക്കുന്നു. വീട്ടിൽ ശരിയായ സൗകര്യം ഇല്ലെങ്കിൽ കോവിഡ് രോഗി ഗൃഹപരിചരണ കേന്ദ്രത്തിലേക്ക്(ഡി.സി.സി.) മാറാൻ തയാറാകണം. രോഗം ഭേദമായ ശേഷം വീട്ടിലേക്ക് മടങ്ങുക. വീട്ടിൽതന്നെ കഴിയണമെന്നു നിർബന്ധം പിടിക്കരുത്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് ഡി.സി.സി.യിലേക്ക് മാറാൻ തയാറാകണം. രോഗികളുടെ കുടുംബാംഗങ്ങളെ സുരക്ഷിതരാക്കാനാണ് ഗൃഹപരിചരണകേന്ദ്രത്തിലേക്ക് മാറുന്നതെന്നും ജില്ല മെഡിക്കൽ ഓഫീസർ പറഞ്ഞു.
- Log in to post comments