Skip to main content

വെള്ളനാട് ബ്ലോക്കില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പഠനമുറി ഒരുങ്ങുന്നു

 

പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനായി വീടിനോടൊപ്പം പഠനമുറി എന്ന ആശയവുമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. 32 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് അനുവദിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി രണ്ട്  ലക്ഷം രൂപ വരെ ലഭിക്കും. ഈ തുക ഉപയോഗിച്ച് വിദ്യാര്‍ഥിക്ക് സൗകര്യപ്രദമായ രീതിയില്‍ പഠനമുറി നിര്‍മിക്കാം. വിദ്യാര്‍ഥി താമസിക്കുന്ന വീടുമായി ബന്ധിപ്പിച്ചായിരിക്കണം പഠനമുറി നിര്‍മിക്കേണ്ടതെന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി പറഞ്ഞു. പഠനമുറിയില്‍ ശുചി മുറിയും നിര്‍ബന്ധമാണ്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വെള്ളനാട് ബ്ലോക്കിന് കീഴില്‍ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഗ്രാമസഭകള്‍ നല്‍കുന്ന പട്ടിക അനുസരിച്ചാകും തുക അനുവദിക്കുക. ഓരോ പഠനമുറിയും പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം മുറിയിലുണ്ടാകും.

ബ്ലോക്കിന് കീഴിലുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും  പഠനമുറി നിര്‍മിക്കാനുള്ള സമാന പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിക്കുന്നുണ്ട്. 10 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഒരു ഗുണഭോക്താവിന് പരമാവധി രണ്ട് ലക്ഷം രൂപ വരെ നല്‍കും.  
(പിആര്‍പി 1832/2018)

date