അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വാപ്പ് ഷോപ്
പുനരുപയോഗ യോഗ്യമായ വസ്തുക്കളുടെ കൈമാറ്റം എന്ന ആശയത്തോടെ, ബ്ലോക്കടിസ്ഥാനത്തില്‍ ജില്ലയിലെ ആദ്യ സ്വാപ്പ് ഷോപ്പ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. വീടുകളില്‍ കൂട്ടിയിട്ടിരിക്കുന്ന ഉപയോഗയോഗ്യമായ വസ്തുക്കള്‍ ആവശ്യക്കാരായ മറ്റൊരു വ്യക്തിക്ക് സൗജന്യമായിനല്‍കുന്നതിലൂടെ സ്വാപ്പ് ഷോപ്പുകള്‍ സാമൂഹികസേവനമാര്‍ഗ്ഗമായും മാറുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് ജില്ലയിലെ മറ്റു ബ്ലോക്കുകളും മാതൃകയാക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു പറഞ്ഞു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടന്ന സ്വാപ്പ് ഷോപ്പില്‍ ആദ്യ മണിക്കൂറുകളില്‍ത്തന്നെ വന്‍ ജനത്തിരക്കായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍, ഡയറികള്‍, പേനകള്‍ തുടങ്ങി എല്ലാത്തരക്കാര്‍ക്കും ഉപയോഗപ്രദമായ നിരവധി വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ടു.
ഹരിതകേരളം, ശുചിത്വകേരളം പദ്ധതികള്‍ക്ക് ജനകീയത നല്‍കുന്നതിനോടൊപ്പം പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ ക്രയവിക്രയം നടത്തുന്നതിലൂടെ മാലിന്യങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കാനും സാധിക്കും. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, കുടുംബശ്രീ, എം.പി.കെ.ബി.വൈ ഏജന്റുമാര്‍, സാക്ഷരതാ സമിതി പ്രേരക്മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്വാപ്പ് ഷോപ് സംഘടിപ്പിച്ചത്.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ അസ്സിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ ജഗല്‍കുമാര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) പി.എസ് നീലകണ്ഠപ്രസാദ്, അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ (പെര്‍ഫോര്‍മെന്‍സ് ഓഡിറ്റര്‍) ശ്രീശുഭ, ഹരിതകേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഹുമയൂണ്‍, വിവിധ ബ്ലോക്കുകളിലെ ബി.ഡി.ഒമാര്‍, അതിയന്നൂര്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍, അരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ, ശിശുവികസന പ്രൊജക്റ്റ് ഓഫീസര്‍ താര, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1922/2018)
- Log in to post comments