പൊന്നാനി ഹാര്‍ബര്‍ നവീകരണം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും
മത്സ്യബന്ധനത്തിന് കൂടുതല്‍ സൗകര്യങ്ങളുമായി പൊന്നാനി തുറമുഖം നവീകരണത്തിനൊരുങ്ങുന്നു. വിവിധ വികസന പദ്ധതികളുടെയും ഫീഷറീസ് സ്റ്റേഷന്റെയും ഉദ്ഘാടനം ഈ മാസം 21 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. 4.2 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന തുറമുഖത്തിലെ പുതിയ വാര്‍ഫിന്റെ നിര്‍മാണോദ്ഘാടനവും മൂന്നര കോടി ചിലവഴിച്ച് പണി പൂര്‍ത്തികരിച്ച 78 ഫിഷ് സ്റ്റോറേജ് ഷെഡുകളുടെ താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിക്കും. 1.87 കോടി വകയിരുത്തി നിര്‍മിക്കുന്ന അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഫീഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. പൊതുസമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ പി.കെ അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ജില്ലാ കളക്ടര്‍ അമിത് മീണ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, ഉത്തരമേഖല ഹാര്‍ബര്‍ എഞ്ചിനീയറിംഗിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Log in to post comments