Skip to main content

പൊതുവിദ്യാലയ ശാക്തീകരണ യജ്ഞം രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാലയ ശാക്തീകരണ യജ്ഞം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഗവര്‍ണര്‍ റിട്ട: ജസ്റ്റിസ് പി സദാശിവം. പുറത്തൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ 5.39 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഹൈടെക് ബ്ലോക്കുകളുടെ ശിലാസ്ഥാപനവും ഒന്നരക്കോടി രൂപ ചെലവില്‍ പണിത ഹയര്‍സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
 എല്ലാ സൗകര്യങ്ങളോടും കൂടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് 44000 പൊതുവിദ്യാലയ ക്ലാസ് മുറികളാണ് ഡിജിറ്റലൈസ് ചെയ്ത് സ്മാര്‍ട്ടാക്കിയത്. പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ ബഹുസ്വരമായ സാമൂഹിക ജീവിതം നയിക്കാന്‍ വ്യക്തികളെ പര്യാപ്തമാക്കുമെന്നതിനാല്‍ ഗുണപരമായ മാറ്റം ആശാവഹമാണ്. ഭരണഘടന അനുശാസിക്കുന്ന ഏകതാബോധം കുട്ടികളില്‍ ശക്തമാകേണ്ടതുണ്ട്. പൊതുവിദ്യാലയ ശാക്തീകരണം അതിന് വഴിയൊരുക്കും. പൗരന്റെ കടമകളെക്കുറിച്ച് തുടക്കത്തില്‍ തന്നെ കുട്ടികളെ ബോധവാന്‍മാരാക്കണം. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് കുട്ടികളിലുണ്ടാക്കാനാകണം. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ ഗുണപരമായ പങ്കാളിത്തം അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്സത്ത്, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ, സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.പി കുഞ്ഞിമൂസ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജി രാമകൃഷണന്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന എം ദേവദാസ് നന്ദിയും പറഞ്ഞു.
പൊതുവിദ്യാലയ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി തവനൂര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത പുറത്തൂര്‍ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിനാണ് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചത്. 39 ലക്ഷം രൂപ സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് സമാഹരിക്കുകയായിരുന്നു. മന്ത്രി ഡോ: കെ.ടി ജലീല്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിലാണ് ഹയര്‍സെക്കന്ററി വിഭാഗത്തിന് മാത്രമായി പ്രത്യേക സമുച്ചയം യാഥാര്‍ത്ഥ്യമാക്കിയത്. സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഓഡിറ്റോറിയം, ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ ലാബ്, ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഹൈടെക്ക് ബ്ലോക്കുകള്‍ ഒന്‍പത് മാസത്തിനുള്ളില്‍ പണികഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളില്‍ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 1500ഓളം വിദ്യാര്‍ത്ഥികളുണ്ട്.

 

date