Skip to main content

നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി തൊഴില്‍ വകുപ്പ്

 

 

കാക്കനാട്:  ജില്ലയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ  തൊഴില്‍ വകുപ്പ് കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു.  2018 ജനുവരി മുതല്‍ ജൂലൈ വരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

വേതന സുരക്ഷാ നിയമം, ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ്, ഗര്‍ഭകാലാനുകൂല്യം, ദേശീയ അവധി നിയമം തുടങ്ങിയ  വിഭാഗങ്ങളില്‍ നിരവധി  നിയമ ലംഘനങ്ങള്‍ വകുപ്പ് പരിശോധയില്‍ കണ്ടെത്തി.

 

വേതന സുരക്ഷാ നിയമം ലംഘിച്ച 92 സ്ഥാപനങ്ങളും   ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട താലൂക്കിലെ അസി. ലേബര്‍ ഓഫീസില്‍ സ്ഥാപനങ്ങള്‍  രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥ  ലംഘിച്ച 127 സ്ഥാപനങ്ങളും കണ്ടെത്തി.  

 ജീവനക്കാര്‍ക്ക്  ഗര്‍ഭകാലാനുകൂല്യങ്ങള്‍ നിഷേധിച്ച എട്ടു സ്ഥാപനങ്ങളാണ് ഇതുവരെ നടന്ന പരിശോധനയില്‍ കണ്ടെത്തിയത്.   പ്രതിവര്‍ഷം നാലു ദേശീയ അവധികളും ഒമ്പത് ഉത്സവ അവധികളുമടക്കം 13 അവധി ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടതാണ്.  ആ ദിവസങ്ങളില്‍ തൊഴിലെടുപ്പിക്കേണ്ടതായി വന്നാല്‍ ഇരട്ടി വേതനത്തോടൊപ്പം പകരം ഒരു ദിവസം അവധിയും നല്‍കണമെന്നാണ് നിയമം.  ഇതു ലംഘിച്ച 11 സ്ഥാപനങ്ങളുമുണ്ട്.  

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ ബന്ധപ്പെട്ട  മജിസ്‌ട്രേറ്റ് കോടതിയില്‍ തൊഴില്‍ വകുപ്പ് കേസ് ഫയല്‍ ചെയ്തു.  ഇവരില്‍ നിന്നും 5000 മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ പിഴയീടാക്കി സര്‍ക്കാരിലേക്ക് അടക്കും.  വകുപ്പ് അന്വേഷണ നടപടികള്‍ തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി.ബിജു അറിയിച്ചു.

date