Skip to main content

വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ലൈഫ് രണ്ടാംഘട്ടത്തിന് ഇന്ന് ( 14.7.2018) തുടക്കം

ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ തുടങ്ങുന്നു. വീടുകളുടെ തറക്കല്ലിടീല്‍ കര്‍മ്മം ഇന്ന് (14.7.2018) രാവിലെ 11 ന് അരുണാപുരത്ത്   എസ് രാജേന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ രണ്ടാംഘട്ടത്തിലെ വീടുകളുടെ നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി  ആര്‍ ബിജി നിര്‍വ്വഹിക്കും. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടാം ഘട്ടത്തില്‍ 228 വീടുകളാണ് വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി നിര്‍മ്മിക്കുക. ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന മുഴുവന്‍ വീടുകളുടെ നിര്‍മ്മാണവും പഞ്ചായത്ത് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത 228 വീടുകളില്‍ എഗ്രിമെന്റെ് നടപടികള്‍ പൂര്‍ത്തിയാക്കിയ 25 പേര്‍ക്കാണ് ആദ്യഗഡു വിതരണം ചെയ്യുത്.  ഓരോ വീടിനും സര്‍ക്കാര്‍ നാലു ലക്ഷം രൂപയാണ് നിര്‍മ്മാണ തുകയായി വകയിരുത്തിയിരിക്കുന്നത്. ആദ്യഗഡുവായി മൊത്തം തുകയുടെ പത്തുശതമാനം തുകയായ 40,000 രൂപയാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുക. പഞ്ചായത്തിലെ പതിനേഴു വാര്‍ഡുകളിലായി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് 228  ഉപഭോക്താക്കളെ കണ്ടെത്തിയത്.
ലൈഫ് മിഷന്‍ പദ്ധതിക്കായി ആകെ 9.12 കോടി രൂപയാണ് പഞ്ചായത്ത്  വകയിരുത്തിയിരിക്കുന്നത്.  വീടുകളുടെ നിര്‍മ്മാണ തുക നാലുഘട്ടങ്ങളിലായി നല്‍കും. പന്ത്രണ്ടു വ്യത്യസ്ഥ മോഡലുകളിലുള്ള വീടുകളാണ് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുത്. മോഡലുകള്‍ തിരഞ്ഞെടുക്കുത് ഉപഭോക്താവിന്റെ താല്‍പര്യപ്രകാരമായിരിക്കും. ആറുമാസത്തിനുള്ളില്‍ രണ്ടാംഘട്ട വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിലവില്‍ പട്ടയം ലഭിക്കാത്തതും നിര്‍മ്മാണത്തിന് അനുമതിയില്ലാത്തതുമായ സ്ഥലത്ത് ഭൂപതിവ് കമ്മറ്റിയുടെ അനുമതി ലഭിക്കുന്ന മുറക്ക് നിര്‍മ്മാണം തുടങ്ങാനുമാണ് തീരുമാനം.

date