Skip to main content

വെള്ളപ്പൊക്ക ദുരിത മേഖലയിലേക്കുള്ള ജല ആംബുലൻസ്  പ്രവർത്തനം തുടങ്ങി

ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യം,  സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയിൽ പ്രത്യേകിച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ  അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള  ജലആംബുലൻസ് പ്രവർത്തിച്ചുതുടങ്ങി.  ജല ആംബുലൻസിന്റെ ജില്ലാതല ഉദ്ഘാടനം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് പരിസരത്ത് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ നിർവഹിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതിക്ക് പരമാവധി തണലേകാൻ സർക്കാർ എല്ലാ വിധത്തിലും ശ്രമിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. വാട്ടർ ആംമ്പുലൻസ് വരും ദിവസങ്ങളിൽ മുന്നെണ്ണം കൂടി സജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദുരിത ബാധിത മേഖലയിൽ അടിയന്തിര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുതിനായാണ് ജലആംബുലൻസ് സജ്ജമാക്കുന്നത്. ജല ആംബുലൻസിൽ ഡോക്ടറുടെ സേവനം, അത്യാവശ്യ മരുന്നുകൾ, ഓക്സിജൻ നൽകുന്നതിനുള്ള സൗകര്യം, മാസ്‌ക്, ഇ.സി.ജി നോക്കുന്നതിനുള്ള സൗകര്യം പരിചയസമ്പന്നരായ നഴ്‌സുമാരുടെ സേവനം  എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 

 സംസ്ഥാനത്ത് 108 ആംബുലൻസ് മാത്യകയിലാണ് ജലആംബുലൻസ് പ്രവർത്തിക്കുന്നത്. അടിയന്തിര ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് 108 ൽ (108 ടോൾ ഫ്രീ നംമ്പർ) ഫോൺ വിളിച്ചാൽ അവരുടെ അടുത്തേക്ക് ജല ആംബുലൻസ് എത്തും. ജില്ല മെഡിക്കൽ ഓഫീസർ ഡി.വസന്തദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫീസർ ഡോ.കെ.ആർ.രാധാകൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അനസ് സാലിഹ് എന്നിവർ പങ്കെടുത്തു.

 

(പി.എൻ.എ. 1932/2018)

date