എം.പി ഫണ്ട് : ജില്ലയില്‍ ചെലവഴിച്ചത് 35 കോടി
ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ശേഷിക്കെ ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ വികസന ഫണ്ട് വിനിയോഗം അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്നു. രണ്ടു ലോക്സഭാ മണ്ഡലങ്ങളിലായി 34.86 കോടി രൂപ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 18.17 കോടി രൂപയും തിരുവനന്തപുരത്ത് 16.69 കോടി രൂപയുമാണു ഫണ്ട് വിനിയോഗം. പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ ഉടന്‍ തീര്‍ക്കുമെന്ന് എം.പിമാര്‍ അറിയിച്ചു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളിലായി 25 കോടിയുടെ വികസന പദ്ധതികളാണു വിഭാവനം ചെയ്തിരുന്നത്. 2018 - 18 സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവായി ലഭിച്ചതടക്കം 20 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുവദിച്ചു. ഇതില്‍ 18.17 കോടി രൂപ ഇതിനോടകം വിനിയോഗിച്ചു. അനുമതി ലഭിച്ച 315 പദ്ധതികളില്‍ 254 ജോലികള്‍ പൂര്‍ത്തിയാക്കി. വിവിധ സാമ്പത്തിക വര്‍ഷങ്ങളിലായി തുടങ്ങിവച്ച 61 ജോലികള്‍ അന്തിമ ഘട്ടത്തിലാണ്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 17.5 കോടിയില്‍ 16.69 കോടി രൂപയുടെ ഫണ്ട് വിനിയോഗം ഇതുവരെ നടത്തി. അനുമതി നല്കിയ 425 പദ്ധതികളില്‍ 306 എണ്ണം പൂര്‍ത്തിയായി. ശേഷിക്കുന്നവ അന്തിമ ഘട്ടത്തിലാണ്.
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ വിലയിരുത്തല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കളക്ടര്‍ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം.പിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
(പി.ആര്.പി. 1980/2018)
- Log in to post comments