Skip to main content

റോഡരികില്‍ അപകടക്കെണിയായി തൂണ്: ഒരാഴ്ചയ്്ക്കുള്ളില്‍ നടപടിയെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം 

ആലപ്പുഴ: പൊതുറോഡില്‍ സ്വകാര്യ വ്യക്തി അനധികൃതമായി സ്ഥാപിച്ച തൂണ് മൂലം അപകടങ്ങള്‍ പതിവാകുന്നത് സംബന്ധിച്ച് പരാതിയുമായി എത്തിയ അജീഷിന് ആശ്വസാമേകി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ ഉത്തരവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിച്ച് ഏഴ് ദിവസത്തിനകം നടപടിയെടുക്കാനാണ് ചേര്‍ത്തല താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തില്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

കണിച്ചുകുളങ്ങര സ്വദേശി അജീഷാണ് കറുപ്പംകുളങ്ങര- കണിച്ചുകുളങ്ങര പി.ഡബ്ല്യു.ഡി. റോഡിലെ ചാരങ്കാട്ട് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തി സ്ഥാപിച്ച തൂണ് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിയുമായി എത്തിയത്. റോഡിന് സമീപം അനധികൃതമായി സ്ഥാപിച്ച തൂണിലിടിച്ച് സൈക്കിള്‍, ബൈക്ക് അടക്കമുള്ള യാത്രക്കാര്‍ സ്ഥിരമായി അപകടത്തില്‍ പെടാറുണ്ട്.

അടുത്തിടെ തന്റെ ഗര്‍ഭിണിയായ ഭാര്യ സഞ്ചരിച്ച സ്‌കൂട്ടറും ഈ തൂണില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടതായി അജീഷ് പറഞ്ഞു. തൂണ് സ്ഥാപിച്ച വ്യക്തിയോട് പരാതിപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു. തുടര്‍ന്നാണ് പരിഹാരം തേടി അദാലത്തില്‍ എത്തിയത്. പി.ഡബ്ല്യു.ഡി. റോഡ്സ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറിനോട് പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.
 

date