Skip to main content

വയസ് വെറുമൊരു നമ്പർ... പൊലിമയാർന്ന് ചെമ്പിലോട്ടെ പെണ്ണുങ്ങൾ

 

 

'കന്നി മണ്ണിൽ കലപ്പ കൊഴുമുനയ്ക്കൽ ഉടയ്ക്കുന്നു പെണ്ണെന്ന സത്യം... ' ഒന്നാം വാർഡിലെ നിഷ കസ്തൂരിയുടെ ആലാപനത്തിൽ സ്ത്രീ എന്ന സത്യം കത്തി ജ്വലിച്ചപ്പോൾ കവിതാലാപനത്തിൽ   ഒന്നാം സമ്മാനവും അവരെ തേടിയെത്തി. ചെമ്പിലോട് പഞ്ചായത്ത്  പൊലിമ 2022 എന്ന പേരിൽ 35 വയസ്സ് പിന്നിട്ട സ്ത്രീകൾക്കായി സംഘടിപ്പിച്ച പഞ്ചായത്ത് കലോൽസവം വേറിട്ട അനുഭവമായി.  കലോത്സവത്തിൽ  19 വാർഡുകളിൽ നിന്നായി 167സ്ത്രീകളാണ് മാറ്റുരച്ചത്. സ്ത്രീകൾക്കും എല്ലാ രംഗങ്ങളിലും തുല്യമായ സമാനത ഉറപ്പു വരുത്തുക, പ്രായം ഒന്നിനും തടസ്സമാകാതെ സ്ത്രീകളുടെ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയ  ഉദ്ദേശങ്ങളോടെയാണ് പൊലിമ 2022 എന്ന പേരിൽ  തിരുവാതിര ഒപ്പന, ഫാൻസി ഡ്രസ്സ്, മാപ്പിളപ്പാട്ട്, നാടൻപ്പാട്ട് സിംഗിൾ, ഗ്രൂപ്പ് , ലളിതഗാനം, സിനിമാ ഗാനം, കവിതാലാപനം വിവിധ രചനാ മത്സരങ്ങൾ , ക്വിസ് മത്സരം തുടങ്ങിയ കലാ മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരത്തിൽ ഏറ്റവും പ്രായം കൂടിയ കലാകാരി രണ്ടാം വാർഡിലെ 75 വയസുള്ള സരോജിനിയാണ്.  സമാപന സമ്മേളനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി പ്രസീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം സി സജേഷ് , ബ്ലോക്ക് അംഗം പി കെ അനിത, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ സുരേശൻ , ടി രതീശൻ ,ഡി ജിഷ, ഐ സി ഡി എസ് സൂപ്പർവൈസർ ഇ ഷിൻ ജ, പഞ്ചായത്ത് സെക്രട്ടറി പി എം ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date