Skip to main content

സ്‌ത്രീക്കരുത്തിന്‌ 'പെണ്ണിട'വുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

 

 

വനിതകൾക്ക് സാമൂഹ്യരംഗത്ത് മികച്ച ഇടപെടൽ സാധ്യമാക്കുന്നതിനായി ‘പെണ്ണിടം' വനിതാ സാംസ്കാരികോത്സവം പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിക്കുന്നു. 2022 -23 ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശിശു-സ്ത്രീ സൗഹൃദമാക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പെണ്ണിടത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക ജെൻഡർ റിസോഴ്‌സ് സെന്ററുകളെ ശാക്തീകരിക്കാനുള്ള പദ്ധതികൾക്ക് പുറമേയാണിത്. ജനുവരിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വനിതാ സാംസ്കാരികോത്സവത്തിന്

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ തിരി തെളിക്കും.

 

ബ്ലോക്ക് പരിധിക്കുള്ളിൽ വരുന്ന വ്യത്യസ്‌ത കഴിവുകളെ കണ്ടെത്തി അവരുടെ കഴിവുകളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ കാര്യശേഷി വികസനമാണ് പ്രധാനം. ഇതിനായി വിവിധ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് നേതൃത്വ പാടവ പരിശീലനം,കലാപരമായി കഴിവുകൾ ഉള്ളവർക്കായി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ആർട്സ് ഫെസ്റ്റ്,കായീക പരമായ കഴിവുകൾ ഉള്ളവർക്കായി സ്പോർട്സ് ഫെസ്റ്റ്,ചിത്ര പ്രദർശനം,ഫുഡ് ഫെസ്റ്റ് തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. സ്ത്രീ സുരക്ഷക്കായി സെൽഫ് ഡിഫെൻസ് പരിശീലന ക്ലാസുകൾ, വിവിധ വിഷയങ്ങളിൽ സെമിനാറും ചർച്ചകളും സംഘടിപ്പിക്കൽ,വിവിധ പരിശീലനങ്ങൾ, ഓരോ വാർഡിലും പ്രാദേശിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന ക്വിക്ക് റെസ്പോൺസ് ടീം ഒരുക്കൽ, വിവിധ സർക്കാർ,സർക്കാരിതര ഏജൻസികളെ ഏകോപിപ്പിക്കൽ എന്നിവ പെണ്ണിടത്തിലൂടെ നടപ്പാക്കും.

 

സാമൂഹ്യ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിന് സ്ത്രീകളിലെ ആത്മവിശ്വാസം വളർത്തിയെടുത്ത് വനിതകളെ ശക്തിപ്പെടുത്തുക എന്നതാണ് പെണ്ണിടത്തിലൂടെ ലക്ഷ്യമിടുന്നത്.

മഹോത്സവത്തിന്റെ ഭാഗമായി ലോഗോ തീം സോങ് എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ പ്രകാശനം ചെയ്തു. പ്രചാരണ പരിപാടികളുടെ ഭാഗമായി ആശാ വർക്കർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെ ഉൾകൊള്ളിച്ചു ഫ്ലാഷ് മൊബ്,സ്‌കിറ്റുകൾ എന്നിവയും സംഘടിപ്പിക്കും. പുതുവർഷത്തിൽ വനിതകൾക്കായി രാത്രി നടത്തം ഉൾപ്പടെ സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ഗായത്രി പറഞ്ഞു.

date