Skip to main content

മുലയൂട്ടലില്‍ അവബോധം സൃഷ്ടിക്കാന്‍ 'ആദ്യാമൃതം' ക്യാമ്പയിന്‍

പൊതുജനങ്ങളില്‍, പ്രത്യേകിച്ച് അമ്മമാരിലും അമ്മമാരാകാന്‍ പോകുന്നവരിലും മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്  നടപ്പാക്കുന്ന 'ആദ്യാമൃതം' ക്യാമ്പയിനിന് തുടക്കമായി. അദ്യാമൃതം പദ്ധതിയുടെ ലോഗോ പ്രകാശനം, സോഷ്യല്‍ മീഡിയ ക്യാംമ്പയിന്‍, എന്‍.എച്ച്.എം. പോസ്റ്റര്‍ പ്രകാശനം എന്നിവയും ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 

ഇതിന്റെ ഭാഗമായി ഈ ഒരാഴ്ചക്കാലം എല്ലാ ബസ് സ്റ്റാന്റുകളിലും പൊതുസ്ഥലങ്ങളിലും അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ആവശ്യമായ താത്ക്കാലിക മുറി ഒരുക്കും. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇത് സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ അമ്മമാര്‍ക്ക് സ്വസ്ഥമായി മുലയൂട്ടാനുള്ള സൗകര്യമൊരുക്കും. 

മുലയൂട്ടലിന്റെ പ്രാധാന്യം വിളിച്ചോതുന്ന മെഗാ സോഷ്യല്‍ മീഡിയ ക്യാംമ്പയിന് ആഗസ്റ്റ് ഒന്നിന് തുടക്കമാകും. ഒറ്റദിവസം കൊണ്ട് ഫേസ്ബുക്ക്, വാട്സ് ആപ്, ട്വിറ്റര്‍ എന്നിവയിലൂടെ വീഡിയോ, ഓഡിയോ സന്ദേശം 10 ലക്ഷത്തോളം പേരിലെത്തിക്കുകയാണ് ലക്ഷ്യം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നീ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചാണ് ക്യാമ്പയിന്‍. 71,500 ഓളം വരുന്ന അംഗന്‍വാടി ജീവനക്കാരിലൂടെയാണ് സന്ദേശം ഈ ഗ്രൂപ്പുകളിലെത്തിക്കുന്നത്. മൂന്നുവര്‍ഷം തുടര്‍ച്ചയായി വീഡിയോ, ഓഡിയോ, പോസ്റ്റര്‍ തുടങ്ങി വിവിധങ്ങളായ സന്ദേശം എത്തിക്കുന്നു. ഇതോടൊപ്പം എന്‍.എച്ച്.എമ്മിന്റെ അവബോധ പോസ്റ്ററുകളും വിതരണം ചെയ്യും. ഓരോ അംഗന്‍വാടി പ്രവര്‍ത്തകയും ഒരു വാട്സ് ആപ് മെസേജെങ്കിലും അയക്കണം.

പി.എന്‍.എക്‌സ്.3303/18

date