കര്‍ക്കിടകവാവ് ബലിതര്‍പ്പണം - ഒരുക്കങ്ങള്‍ വിലയിരുത്തി
ഈ മാസം 11ന് നടക്കുന്ന കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനായി തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ പാപനാശനം, പരവൂര്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എ.ഡി.എം ബി. ശശികുമാറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ നടന്ന യോഗം വിലയിരുത്തി.
മൂന്നു കേന്ദ്രങ്ങളിലും കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ ദിവസങ്ങളില്‍ ടൂറിസം വകുപ്പ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നിലവിലുള്ള ഒരു ബോട്ടും ലൈഫ് ഗാര്‍ഡുകളെയും നിയോഗിക്കും. വൈദ്യുതി വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ സഹകരണത്തോടെ ഏര്‍പ്പെടുത്താന്‍ കൊല്ലം കോര്പ്പറേഷന്, പരവൂര്‍ നഗരസഭ സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി.
ബലിതര്‍പ്പണത്തിന് വരുന്നവരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്.ടി.സി അധിക സര്‍വീസ് ഏര്‍പ്പെടുത്തണം. പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്കി.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല കൊല്ലം കോര്‍പ്പറേഷനും പരവൂര്‍ നഗരസഭയ്ക്കുമാണ്. ബലിതര്‍പ്പണത്തില്‍ ഹരിതചട്ടം പൂര്‍ണമായും പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.
- Log in to post comments