Skip to main content

കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാനുള്ള തുടര്‍നടപടി സ്വീകരിക്കും

കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കാനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കുട്ടനാട് ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. 

ജലസ്രോതസുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കല്‍, പഞ്ചായത്തുകളില്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുക എന്നിവയ്ക്കായുള്ള രൂപരേഖ തയ്യാറാക്കിയാകും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ  സമീപിക്കുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ വകുപ്പിലും സ്പെഷല്‍ ഓഫീസറെ നിയമിക്കണം. റവന്യുവകുപ്പ് ജില്ലാതലത്തില്‍ ഇത് ഏകോപിപ്പിക്കും. നഷ്ടമായ അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടനാട്ടിലെ അടിയന്തര സേവന ഓഫീസുകളെ വെള്ളപ്പൊക്കം  ബാധിക്കാത്ത നിലയില്‍ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും.

വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം കുട്ടനാട്ടില്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. വെള്ളപ്പൊക്കത്തില്‍ വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ പഞ്ചായത്ത്, താലൂക്ക് തലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ സഹായം തേടാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് മന്ത്രിസഭയോഗത്തില്‍ തീരുുമാനിക്കും. സഹകരണ ബാങ്കുകള്‍, കെ.എഫ്.സി. എന്നിവയുടെ സഹായം ഇതിനായി തേടണം. ഏറെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാര്‍ക്ക് പ്രത്യേക വായ്പ നല്‍കുന്നത് കെ.എഫ്.സി.യും സഹകരണ ബാങ്കുകളും പരിഗണിക്കണം. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മന്ത്രിസഭായോഗം പരിഗണിക്കും. 

പ്രളയബാധിത മേഖലകള്‍ക്ക് അനുയോജ്യമായ കെട്ടിടനിര്‍മ്മാണ സാധ്യത പരിഗണിക്കണം. വെള്ളം ഒഴുകിപ്പോകാന്‍ പാകത്തില്‍ അടഞ്ഞ ചാലുകള്‍ തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇതിന് സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും സഹായം തേടണം. കുട്ടനാടിന്റെ  പ്രകൃതി പ്രത്യേകത അനുസരിച്ച് ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കണം. ഇപ്പോള്‍ പലയിടങ്ങളിലും ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നതിന് പാലങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പാലങ്ങള്‍ ഉയരം കൂട്ടി പുനര്‍നിര്‍മിക്കാന്‍ നബാര്‍ഡ് പദ്ധതികള്‍ ഉപയോഗപ്പെടുത്തും. ജലനിരപ്പ് ഉയരുമ്പോള്‍ കെട്ടിടങ്ങളില്‍ വെള്ളം കയറാത്ത വിധത്തിലുള്ള നിര്‍മാണ സംവിധാനം കുട്ടനാട്ടില്‍ പരിഗണിക്കും. ഇതിനായി ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരും. പ്രളയ സമയങ്ങളില്‍ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടാതിരിക്കാന്‍ സൗരോര്‍ജ്ജ പദ്ധതിയും പരിഗണിക്കും. കുട്ടനാട്ടിലെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണത്തക്കവിധത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.  വരുന്ന മന്ത്രിസഭയോഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. 

കുട്ടനാട്ടില്‍ ഉള്‍പ്പെടെ കൂടുതല്‍  ജല ആംബുലന്‍സ് ആവശ്യമാണ്. കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകും. ഭാവിയില്‍ ഇവയുടെ സംരക്ഷണത്തിനാവശ്യമായ പ്രത്യേക നടപടികള്‍ മൃഗസംരക്ഷംവകുപ്പ് സ്വീകരിക്കണം. വൈദ്യുതി, വെള്ളക്കരം എന്നിവ അടയ്ക്കുന്നതിനു സാവകാശം നല്‍കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഇക്കാര്യത്തിലും മന്ത്രിസഭയില്‍ തീരുമാനമെടുക്കും. 

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം. വെള്ളമിറങ്ങുന്നതോടെ വരാവുന്ന അപകടം മുന്‍കൂട്ടി കണ്ട് കൂടുതല്‍ ജാഗ്രത ആരോഗ്യമേഖലയില്‍ പുലര്‍ത്തണം. പാമ്പുകടിയേറ്റാല്‍ ചികില്‍സയ്ക്ക് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ സംവിധാനം ഒരുക്കണം.  കുടിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം എന്നതാണ് പ്രധാന വിഷയം. ഇക്കാര്യത്തില്‍ ജലഅതോറിറ്റി പ്രത്യേക പ്രാധാന്യം നല്‍കണം. ആവശ്യമായ ഇടങ്ങളിലെല്ലാം കുടിവെള്ളം ജലഅതോറിറ്റി ലഭ്യമാക്കണം. 

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ റവന്യൂ ,ആരോഗ്യ, തദ്ദേശവകുപ്പുകള്‍ ശുചീകരണത്തില്‍ പ്രത്യേകശ്രദ്ധ പതിക്കണം. വെള്ളം ഇറങ്ങിയ വീടുകളില്‍ തറയില്‍ കയറു തടുക്കുകള്‍ വിരിക്കുന്നത്  നന്നായിരിക്കും. റോഡ് അറ്റകുറ്റപ്പണി ഫലപ്രദമായി നടത്തും. എ സി റോഡ് പ്രത്യേകമായി പരിഗണിച്ചായിരിക്കും നടപടി.  ഏതെങ്കിലും പൂര്‍ത്തീകരിക്കാത്ത കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതാണ്.

പി.എന്‍.എക്‌സ്.3427/18

 

date