Skip to main content

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി ഇന്ന്  (ആഗസ്റ്റ് ആറ്) ഉദ്ഘാടനം ചെയ്യും

*വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 50 ഓളം എം. എല്‍. എമാര്‍ പങ്കെടുക്കും
    കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (ആഗസ്റ്റ് ആറ്) രാവിലെ 11ന് നിയമസഭയില്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ. കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു മുന്‍പ് രാഷ്ട്രപതി നിയമസഭാ വളപ്പില്‍ വൃക്ഷത്തൈ നടും. 
    സ്വതന്ത്ര ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച സാമാജികരുടെ ദേശീയ കോണ്‍ഫറന്‍സാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ ആദ്യം നടക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടിന് പ്ലീനറി സെഷന്‍ നടക്കും. എ. പി. അനില്‍കുമാര്‍ എം. എല്‍. എ, പൂനെ പീസ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രാഹുല്‍ വി. കാരാട്, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മുന്‍ ഉപദേശകന്‍ പി. എസ്. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കേരള നിയമസഭാ മുന്‍ സെക്രട്ടറി ഡോ. എന്‍. കെ. ജയകുമാര്‍, പ്രൊഫ. കാഞ്ച ഇലയ്യ, പ്രൊഫ. ഗോപാല്‍ ഗുരു, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ ഹാളുകളില്‍ മേഖലാ കോണ്‍ഫറന്‍സുകള്‍ നടക്കും.  
    വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 50 ഓളം എം. എല്‍. എമാര്‍ ചടങ്ങിനെത്തുന്നുണ്ട്. ഇതിന് പുറമെ തദ്ദേശസ്ഥാപന പ്രതിനിധികളായ 750 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
പി.എന്‍.എക്‌സ്.3431/18
 

date