മുലപ്പാൽ പ്രകൃതിയുടെ വരദാനം - മന്ത്രി ജി.സുധാകരൻ
ആലപ്പുഴ: പ്രകൃതി അമ്മയ്ക്ക് നൽകിയ വരദാനവും കുഞ്ഞിന്റെ ആയുരാരോഗ്യത്തിനുള്ള പ്രധാന ഘടകവുമാണ് മുലപ്പാൽ എന്ന് മന്ത്രി ജി.സുധാകരൻ. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക മുലയൂട്ടൽ വാരാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പറവൂർ ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ മുലപ്പാൽ ഔഷധമാണെന്നും ലോകത്തിൽ തന്നെ മുലയൂട്ടൽ വാരാചാരണം ഭംഗിയായി നടത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം എന്നും മന്ത്രി പറഞ്ഞു.ആഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന മുലയൂട്ടൽ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാതല പ്രചാരണ റാലി, പൊതുസമ്മേളനം,ബോധവൽക്കരണ പരിപാടികൾ,എക്സിബിഷൻ,സാംസ്കാരിക പരിപാടികൾ എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പ്രദർശനത്തിൽ അങ്കണവാടി ടീച്ചർമായും പ്രവർത്തകരും ഒരുക്കിയ 6 മാസം പ്രായം മുതൽ കുട്ടികൾക്ക് കൊടുക്കാവുന്ന 180 ൽ അധികം ഭക്ഷണ പദാർത്ഥങ്ങൾ അവതരിപ്പിച്ചത് വേറിട്ട കാഴ്ചയായി . മുലപ്പാൽ അമ്മയ്ക്കും കുഞ്ഞിനും നൽകുന്ന ഗുണങ്ങളെ കുറിച്ചുള്ള ചർട്ടുകളും എക്സിബിഷനിൽ അണിനിരത്തി. അധികം ഭക്ഷണങ്ങളും അമൃതം പൊടിയിൽ നിർമിച്ചവയാണ്. അമൃതം പൊടി ഉപ്പുമാവ് മന്ത്രി രുചിച്ചു നോക്കി അഭിപ്രായം പറയുകയും ചെയ്തു. പുറത്ത് ഒരുക്കിയ കൂറ്റൻ തുണി ബാനറിൽ 'അമ്മതൻ മുലപ്പാലിതു് കുഞ്ഞു മകൻ വളർന്നിടട്ടെ'എന്ന രു വരി കവിത എഴുതാനും മന്ത്രി മറന്നില്ല. ഉദ്ഘാടനത്തെ തുടർന്ന് മുലയൂട്ടലിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രൊഫസർ. ഡോ. ജോസ് ഒ, വിഷയാവതരണം നടത്തി. ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രൻ ക്ലാസ്സെടുത്തു. ഐ സി ഡി എസ് ജില്ലാതല പ്രോഗ്രാം ഓഫീസർ മിനിമോൾ റ്റി വി ആമുഖ പ്രസംഗം നടത്തി. അങ്കണവാടി പ്രവർത്തകർ സംഘടിപ്പിച്ച നാടൻ പാട്ട്, വള്ളംകളിപ്പാട്ട്,കഥാപ്രസംഗം എന്നീ സാംസ്കാരിക പരിപാടികളും നടന്നു.
(പി.എൻ.എ. 2170/2018)
- Log in to post comments