Skip to main content

ഖാദിമേളയ്ക്ക് തുടക്കമായി  · ഓഗസ്റ്റ് 24 വരെ റിബേറ്റ് · സഖാവ് ഷർട്ടുകളും ആലപ്പുഴയിൽ

ആലപ്പുഴ: പരമ്പരാഗത ഖദർ വസ്ത്രങ്ങളുടെ നിലനില്പിനെ സഹായിക്കാൻ തനി ഖാദി ഉല്പന്നങ്ങളെ വാങ്ങാവൂമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ജില്ല ഖാദി ഗ്രാമവ്യവസായ ഓഫീസ്  അങ്കണത്തിൽ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 24 വരെയാണ് റിബേറ്റോടെയുള്ള ഓണം ബക്രീദ് മേള. ജില്ലയിൽ 2.33 കോടിയുടെ വില്പനയാണ് ഇക്കൊല്ലത്തെ ലക്ഷ്യം. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്കായി 50,000 രൂപയുടെ വരെ കെഡ്രിറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം വിപണയിലെത്തിയ സഖാവ് ഷർട്ടുകളും ആലപ്പുഴയിൽ മേളയിലെത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന തുണിത്തരങ്ങളും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഒരുക്കിക്കഴിഞ്ഞു. പയ്യന്നൂർ പട്ട്, അനന്തപുരി പട്ട്, ജൂട്ട് സിൽക്ക്, കാന്താ സിൽക്ക്, സ്പൺ സിൽക്ക്, തുടങ്ങി പ്രകൃതിദത്തമായ പട്ടുനൂലാൽ നെയ്‌തെടുത്ത പട്ടുസാരികൾ, കോട്ടൺ സാരികൾ, ദോത്തികൾ, പഞ്ഞിക്കിടക്കകൾ, തലയിണകൾ, ബെഡ്ഷിറ്റുകൾ, കാർപെറ്റുകൾ തുടങ്ങിയവ കൂടാതെ ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശ്രേണിയാണ് മേളയിൽ ഉള്ളത്.

 

മേളയോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ ഒന്നാംസമ്മാനം വാഗൺ-ആർ കാറും, രണ്ടാം സമ്മാനം അഞ്ചു പവനും മൂന്നാം സമ്മാനം രണ്ടുപേർക്ക് ഒരു പവൻ വീതം ജില്ലാടിസ്ഥാനത്തിലും നൽകും. കൂടാതെ ഓരോ ആഴ്ചയിലും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. ഓരോ 1000 രൂപയുടെ വാങ്ങലിനും ഒരു സമ്മാനക്കുപ്പൺ കിട്ടും.

 

നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഖാദിതൊഴിലാളി ക്ഷേമനിധി ബോർഡ് അധ്യക്ഷ സോണി കോമത്ത് ആദ്യ വില്പന നടത്തി. ചേർത്തല എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ഷീജ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർമാരായ ജി.ശ്രീജിത്ര, ബഷീർ കോയപ്പറമ്പിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, ലീഡ് ബാങ്ക് മാനേജർ വി.വിനോദ് കുമാർ, ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ.എസ്.അജിമോൻ, ആലപ്പുഴ സർവോദയ സംഘം പ്രസിഡന്റ് വി. മുരളീധരൻപിള്ള എന്നിവർ പ്രസംഗിച്ചു. ബോർഡ് ഡയറക്ടർ എം. സുരേഷ് ബാബു സ്വാഗതവും പ്രൊജക്ട്  ഓഫീസർ എം.ജി. ഗിരിജ നന്ദിയും പറഞ്ഞു.

  (പി.എൻ.എ. 2172/2018)

 

കുട്ടനാട:് അഡീഷണൽ ചീഫ് സെക്രട്ടറി 

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തുടർനിർദ്ദേശങ്ങൾ നൽകുന്നതിനുമായി അഡീഷണൽ ചീഫ്‌സെക്രട്ടറി രാജീവ് സദാനന്ദൻ,  സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, എന്നിവർ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. തുടർന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയും സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ആഫീസിൽ നടത്തിയ അവലോകന യോഗത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും   എലിപ്പനി പ്രതിരോധഗുളിക വിതരണം ശക്തമാക്കുന്നതിനും പ്രൈവറ്റ ് മെഡിക്കൽ ഫീസർമാർക്ക് ദുരന്ത സാഹചര്യത്തെപ്പറ്റി വിശദമായ ധാരണ ഉണ്ടാക്കുന്നതിനും നിർദ്ദേശം നൽകി. ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു. വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളിൽ ഇനിയും നടപ്പാക്കേണ്ട രോഗപ്രതിരോധപ്രവർത്തനങ്ങളുടെ കർമ്മപദ്ധതി അഡീഷണൽ ചീഫ് സെക്രട്ടറി അംഗീകരിച്ചു. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ പുനരുദ്ധാരണത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് എൻജീനീയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.

(പി.എൻ.എ. 2173/2018)

date