ജില്ലയില്‍ 21 ദുരിതാശ്വാസ കാംപുകളില്‍ 2000ലധികം പേര്‍
ജില്ലയില്‍ കനത്തമഴയെ തുടര്‍ന്ന് ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ കാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. പാലക്കാട് താലൂക്കില്‍ 20ഉം മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു കാംപുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കാംപുകളില്‍ ഭക്ഷണവും അവശ്യ മരുന്നും സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കാട് താലൂക്കില്‍ അകത്തേത്തറ വില്ലേജില്‍ പാഞ്ചാലിയമ്മന്‍ കല്യാണമണ്ഡപം, ഹേമാംബിക സപ്തഹ മണ്ഡപം, മായാ ഓഡിറ്റോറിയം, പാലക്കാട് 2 വില്ലേജിലെ ഗായത്രി മണ്ഡപം,ശേഖരിപുരം ഗ്രാമജന സമൂഹ മണ്ഡപം, പേച്ചിയമാള്‍ കോവില്‍ മണ്ഡപം, അയ്യപുരം, കുമാരപുരം, എല്‍.എന്‍ പുരം, പാലക്കാട് 1 വില്ലേജിലെ കള്ളിക്കാട് ജി.എല്‍.പി.എസ്, ഒലവക്കോട് ഗാലറി മണ്ഡപം, ജെനിമേട് ജി.എല്‍.പി.എസ്, ഒലവക്കോട് സൗത്ത് എല്‍.പി സ്കൂള്‍. പിരായിരി വില്ലേജിലെ എം.ഐ ഹാള്‍, പറളി 2 വില്ലേജില്‍ പറളി പള്ളി സ്കൂള്‍, മലമ്പുഴ 1 വില്ലേജിലെ കടുക്കാംക്കുന്ന് ജിഎല്‍പിഎസ്, പുതുപരിയാരം 2 വില്ലേജിലെ എം.എം.യു.പി സ്കൂള്‍, കാവില്‍പ്പാട് ജി.എല്‍.പി.എസ്, കമ്മ്യൂണിറ്റി ഹാള്‍, യാക്കര വില്ലേജിലെ ബിഗ് ബസാര്‍ സ്കൂള്‍, മണ്ണാര്‍ക്കാട് താലൂക്കിലെ അലന്നല്ലൂര്‍ 2 വില്ലേജിലെ മലയിടിഞ്ഞി ചളവ സ്കൂള്‍ എന്നിവടങ്ങളിലാണ് കാംപ്.
രക്ഷാസേന 270 പേരെ രക്ഷപ്പെടുത്തി
കനത്തമഴയെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ 270 പേരെ ഇതുവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കയര്‍, ഡിങ്കി(ബോട്ട്), ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അഞ്ചു ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം. 60 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
കനത്തമഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള രക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. വെള്ളം കയറിയിട്ടും ആളുകള്‍ വീടുകള്‍ വിട്ട് വരാന്‍ തയ്യാറാവാത്ത സാഹചര്യമുണ്ട്. ഇത് കൂടുതല്‍ അപകടം സൃഷ്ടിക്കും. ഇതിനാല്‍ തന്നെ പൊതുജനം രക്ഷാ പ്രവര്‍ത്തന സേനയുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. സഹായം ആവശ്യമുള്ളവര്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുമായി(ഡി.ഇ.ഒ.സി) ബന്ധപ്പെട്ടണം. ഫോണ്‍- 0491 2505209.
മഴയെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം ലഭിക്കാത്തവര്‍ ഡി.ഇ.ഒ.സിയുമായി ബന്ധപ്പെടണം. വീടുകളില്‍ കുടുങ്ങിയവര്‍ക്ക് പരമാവധി ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കും. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ഡി.ഇ.ഒ.സി.യുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലാമുരളി അറിയിച്ചു.
മൃതദേഹം കണ്ടെത്തി
ഭാരതപ്പുഴയുടെ കടവിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പട്ടാമ്പി താലൂക്കിലെ പാണ്ടിക്കാട് സ്വദേശി പരേതനായ മൊയ്തീന്‍റെ മകന്‍ അബ്ദുള്‍ സലാമിന്‍റെ(34) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നാലുദിവസങ്ങളിലായി മൂന്നുപേരാണ് ജില്ലയില്‍ വിവിധ പുഴകളിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. അരിയൂര്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കോട്ടോപ്പാടം-2 വില്ലേജില്‍ രാമന്‍ മകന്‍ ശങ്കരനും വാളയാര്‍ ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ സൂസിയപ്പന്‍ മകന്‍ ശെല്‍വമുത്തുവുമാണ് മരിച്ച മറ്റു രണ്ടുപേര്‍. ഗായത്രിപ്പുഴയില്‍ കാണാതായ ആലത്തൂര്‍ താലൂക്കിലെ രാജനു(65) വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍
ഫയര്‍ഫോഴ്സ്- 101, കലക്ടറേറ്റ്-0491 2505309, 0491 2505566, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍-0491 2505209, ജില്ലാ കലക്ടര്‍- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487.
താലൂക്കുകള്‍: പാലക്കാട് 0491 2505770, ആലത്തൂര്‍ 04922222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാമ്പി 0466 2214300, മണ്ണാര്‍ക്കാട് 04924 222397.
ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കല്കടര്‍
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. പോത്തുണ്ടി ഡാം പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ 18 സെന്‍റിമീറ്റര്‍ തുറന്നിട്ടുണ്ട്. പുതുശ്ശേരി, കഞ്ചിക്കോട് ഭാഗത്തുള്ള പുഴകളിലും തോടുകളിലും പാടങ്ങളും നിറഞ്ഞു. ഈ ഭാഗത്തെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. വിവിധ പാലങ്ങളില്‍ വെള്ളത്തിന്‍റെ ഒഴുക്ക് കാണാന്‍ ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചു.
ശക്തമായ കാലവര്‍ഷം മൂലം ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അണക്കെട്ട് എത് നിമിഷവും നിറഞ്ഞൊഴുകാന്‍ സാധ്യതയുളളതിനാല്‍ ശിരുവാണിപ്പുഴയുടേയും ഭവാനിപ്പുഴയുടേയും തീരപ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
മലമ്പുഴ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്‍റെ ഷട്ടര്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. കൂടാതെ കനാല്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇത് വരെ ഒരു മീറ്ററില്‍ കൂടുതല്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. കല്‍പ്പാത്തി, മുക്കൈ, ഭാരതപ്പുഴ, എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളമൊഴുക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കലക്ടര്‍ അറിയിച്ചു. ഡാമില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവില്‍ ഇന്ന് രാത്രി വരെ കുറവുണ്ടാക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകള്‍ സ്ഥിതി ചെയ്യുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചത്തേക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. യാതൊരു കാരണവശാലും പൊതുജനങ്ങള്‍ ഈ ഭാഗങ്ങളില്‍ പ്രവേശിക്കരുത്.
പൈപ്പ് ലൈന്‍ തകര്‍ന്നു: കുടിവെള്ളം മുടങ്ങും
കേരള വാട്ടര്‍ അതോറിറ്റിയുടെ മലമ്പുഴയില്‍ നിന്നുളള പ്രധാന കുടിവെളള പൈപ്പ് ലൈന്‍ വെള്ളപൊക്കത്തില്‍ തകര്‍ന്നതിനാല്‍ പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് എകസി. എന്‍ജിനീയര്‍ അറിയിച്ചു. കല്‍പ്പാത്തി, മാട്ടുമന്ത, ഒലവക്കോട്, വെണ്ണക്കര, മൂത്തന്തറ, ചുണ്ണാമ്പുത്തറ, പറക്കുന്നം, തിരുനെല്ലായി, പിരായിരി ഭാഗത്തെ കുടിവെളള വിതരണമാണ് മുടങ്ങുക. കനത്ത മഴയില്‍ മലിനമായിരിക്കുന്ന കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുളള വെളളം പൊതു ജനങ്ങള്‍ ഉപയോഗിക്കരുതെന്ന് കലക്ടര്‍ അറിയിച്ചു. ഈ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലൂടെ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളം വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
പൊലീസ്- റവന്യു വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍
പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. വെള്ളമൊഴുക്ക് കാണാന്‍ വരരുത്.
സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.
നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക.
പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.
ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍
ആനിയമ്മ വര്‍ഗീസ്, തഹസില്‍ദാര്‍ (ഭൂരേഖ) പാലക്കാട്- 8547614901, ടോമി തോമസ്, എച്ച്.ക്യു.ഡി.റ്റി
വില്ലജുകള്‍: പാലക്കാട്-1-8547614902, പാലക്കാട്-2-8547614903, പാലക്കാട് - 3- 8547614904
അമൃതവല്ലി ഡി, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.ആര്‍, പാലക്കാട് - 9447751461, കേശവന്‍ പി.കെ, എച്ച്.എം.ഓ
വില്ലേജുകള്‍: മലമ്പുഴ -1-8547614906, മലമ്പുഴ -2- 8547614907, അകത്തേത്തറ-8547614905
സുരേഷ്കുമാര്‍ എന്‍.എസ്, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ (കിന്‍ഫ്ര), പാലക്കാട്- 9446196745, രാജശേഖരന്‍ പി, ഡെപ്യൂട്ടി തഹസില്‍ദാര്‍, എല്‍.എ കിന്‍ഫ്ര
വില്ലേജുകള്‍: പുതുശ്ശേരി ഈസ്റ്റ് - 8547614926, പുതുശ്ശേരി വെസ്റ്റ് - 8547614928, പുതുശ്ശേരി സെന്‍ട്രല്‍ - 8547614927, കൊടുമ്പ്- 8547614929
സുമതി പി, തഹസില്‍ദാര്‍ ആര്‍.ആര്‍, പാലക്കാട്- 9961595116, മോഹനകുമാര്‍ കെ, ഡെപ്യൂട്ടി തഹസില്‍ ദാര്‍
വില്ലേജുകള്‍: പിരായിരി- 8547614909, പറളി- 1- 8547614913, പറളി - 2-8547614914
പി.എസ്. വര്‍ഗീസ്, സീനിയര്‍ സൂപ്രണ്ട്, ആര്‍.ഡി.ഓ, പാലക്കാട്- 9446213861, പുഷ്പരാജ് എ, എസ്.ഡി.റ്റി
വില്ലേജുകള്‍: പുതുപ്പരിയാരം -1- 8547614922, പുതുപ്പരിയാരം -2- 8547614923
- Log in to post comments